മൈലാഞ്ചി മൊഞ്ചത്തികളുടെ കുപ്പിവള കിലുക്കവും ഇശലിന്റെ താളവുമായി തൃശൂരിന്റെ ഖൽബിൽ ഇടം പിടിച്ച് വയനാടിന്റെ ഒപ്പന താളം. സംസ്ഥാന റവന്യൂ കലോത്സവത്തിന്റെ പ്രധാന വേദിയായ തേക്കിൻകാട് മൈതാനിയിൽ നടന്ന ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം വയനാട് സ്വന്തമാക്കി. സ്വർണ്ണാഭരണമണിഞ്ഞ മണവാട്ടിയെ ലളിത ചുവടുകളോടെ വിവിധ താളങ്ങളോടെ തോഴിമാർ ആനയിച്ചപ്പോൾ പൂരനഗരിയും ആ താളത്തിൽ ചേർന്നു.

മത്സരത്തിൽ കോഴിക്കോട്, കണ്ണൂർ ജില്ലകൾ രണ്ടാം സ്ഥാനം പങ്കിട്ടു. ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച വെച്ച് തൃശൂർ, ആലപ്പുഴ, കാസർകോട് ജില്ലകൾ മൂന്നാം സ്ഥാനങ്ങൾ കരസ്ഥമാക്കി. വിവിധ ജില്ലകളിൽ നിന്നായി പങ്കെടുത്ത 11 ടീമുകളും എ ഗ്രേയ്ഡ് നേടി.

പുതുമാരനെ വലം വെച്ച് നടന്ന പുരുഷ വിഭാഗം ഒപ്പന മത്സരവും പദചലനം കൊണ്ടും താളം കൊണ്ടും ശ്രദ്ധേയമായി. മലബാറിന്റെ തനിമ ചോരാതെ ഒപ്പന വേദിയിലവതരിപ്പിച്ച കോഴിക്കോട് ജില്ല ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിവിധ ജില്ലയിൽ നിന്നും പങ്കെടുത്ത അഞ്ച് ടീമുകളും മത്സരത്തിൽ വിജയികളായി.
വയനാട്, മലപ്പുറം ജില്ലകൾ രണ്ടാം സ്ഥാനം പങ്കിട്ടപ്പോൾ മൂന്നാം സ്ഥാനം
ആതിഥേയരായ തൃശൂരിനൊപ്പം കോട്ടയവും പങ്കിട്ടു.