വേദിയിൽ തിരുവാതിര മങ്കയായി അമ്മ എത്തിയപ്പോൾ കാണികൾക്കിടയിൽ കൗതുകമായി മകളും. സംസ്ഥാന റവന്യൂ കലോത്സവം തേക്കിൻകാട് മൈതാനിയിൽ നടന്ന തിരുവാതിരക്കളി മത്സരത്തിൽ ജില്ലാ കലക്ടർ ഹരിത വി കുമാറിന്റെ നൃത്തം ആസ്വദിക്കുന്ന മകൾ നിയതിയാണ് വേദിയുടെ മുഖ്യ ആകർഷണമായത്.

അമ്മൂമ്മയുടെ മടിയിലിരുന്ന് ഇമവെട്ടാതെ കുഞ്ഞു കൈകളാൽ താളമിട്ട് നിയതിയും അമ്മയുടെ തിരുവാതിര ആസ്വദിച്ചു.
ജില്ലയുടെ ഭരണ ചുമതല മാത്രമല്ല, ലാസ്യഭാവവും ലാളിത്യ ചുവടുകളും മനോഹരമാക്കാൻ കഴിയുമെന്ന് തെളിയിക്കും വിധമായിരുന്നു കലക്ടറുടെ ഓരോ ചലനവും. സദസിൽ റവന്യൂ മന്ത്രി കെ രാജൻ, റവന്യൂ അഡി.ചീഫ് സെക്രട്ടറി ജയതിലക് തുടങ്ങിയവരും കലക്ടറുടെ നൃത്തമാസ്വദിക്കാൻ മുൻ നിരയിലുണ്ടായിരുന്നു.

“ശ്രീ മഹാദേവനൊരുണ്ണി പിറന്നു ” എന്ന ഗണപതി സ്തുതിയോടെ തിരുവാതിരക്കളി ആരംഭിച്ചപ്പോൾ നിറഞ്ഞ സദസിൽ കൈയടികളും ആരവവും മുഴങ്ങി. സരസ്വതി സ്തുതിയും ലളിതമായ പദവും കഴിഞ്ഞ് കുറത്തിക്കും കുമ്മിക്കുമൊപ്പം കാണികളും താളമടിച്ചു.

ജില്ലയിലെ പല സാംസ്കാരിക വേദിയിൽ മധുര നാദത്താൽ കലക്ടർ നിറ സാന്നിധ്യമായിട്ടുണ്ടെങ്കിലും നടനവിസ്മയം തീർക്കുന്നത് വിരളമാണ്. അതിനാൽ തിരുവാതിരക്കളി കാണികൾക്ക് കൗതുകവും ആവേശവും പകരുന്ന അനുഭവമായി മാറി. റവന്യൂമന്ത്രിയും അഡീ. ചീഫ് സെക്രട്ടറിയും നേരിട്ടെത്തിയാണ് കലക്ടറെയും സംഘത്തെയും അഭിനന്ദിച്ചത്.