മധുര മീനാക്ഷിയുടെ കഥ വേദിയിൽ ആടിത്തിമർത്ത് നാടോടി നൃത്തം ഗ്രൂപ്പ് വിഭാഗത്തിലും ഒന്നാമതായി തൃശൂർ ജില്ല. മീനാക്ഷിയമ്മയുടെ ജനനം, വളർച്ച, പ്രണയം, വിവാഹം എന്നിവയെല്ലാം കോർത്തിണക്കിയ പ്രകടനം അക്ഷരാർത്ഥത്തിൽ തേക്കിൻകാടിന്റെ കണ്ണഞ്ചിപ്പിച്ചു. വിവിധ നൃത്ത ഇനങ്ങളിലും മിമിക്രിയിലും ഒന്നാമതായി ജില്ലയ്ക്ക് അഭിമാനമായ റോമി ചന്ദ്രമോഹൻ നയിച്ച ടീമാണ് ജില്ലയ്ക്ക് ഒന്നാം സ്ഥാനം നേടിക്കൊടുത്തത്. റോമി ഉൾപ്പടെ ആറ് പേർ സംഘത്തിൽ ഉണ്ടായിരുന്നു.
വർണാഭമായ പ്രകടനം കൊണ്ട് മനം നിറച്ച അവതരണങ്ങളാണ് മത്സരത്തിൽ പങ്കെടുത്ത ആറ് സംഘങ്ങളും കാഴ്ച വച്ചത്. വേഷ വിതാനങ്ങളും ഭാവങ്ങളും കൊണ്ട് ഓരോ ജില്ലകളും വ്യത്യസ്തമായി. ചടുലമായ ചുവടുകളാൽ മത്സരാർത്ഥികൾ വേദിയിൽ നിറഞ്ഞാടിയപ്പോൾ സദസിൽ കാണികളും ആടിത്തിമർത്തു.
ഇംഗിതത്തിന് വഴങ്ങാത്തതിന്‍റെ പേരിൽ മേലാളന്മാരുടെ കൊടിയ പീഡനത്തിന് ഇരയാവുകയും പിന്നീട് ആരാധനപാത്രമായി മാറുകയും ചെയ്ത പൂമാതെ പൊന്നമ്മയുടെ കഥയുമായി വേദിയിൽ നിറഞ്ഞാടിയ വയനാട് ജില്ലയാണ് മത്സരത്തിൽ രണ്ടാമതെത്തിയത്. കൊടുങ്ങല്ലൂർ അമ്മയും ഭക്തരുമായി ഉറഞ്ഞാടിയ കോഴിക്കോട് ടീമും വയനാടിനൊപ്പം രണ്ടാം സ്ഥാനം പങ്കിട്ടു. കണ്ണൂർ ജില്ലയാണ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. കൗമാരക്കാരുടെ കലോത്സവങ്ങളെ ഓർമിപ്പിക്കും വിധം ഊർജസ്വലമായ പ്രകടനമാണ് ഓരോ സംഘങ്ങളും കാഴ്ച വച്ചത്.
റവന്യൂമന്ത്രി കെ രാജൻ, തൃശൂർ ജില്ലാ കലക്ടർ ഹരിത വി കുമാർ, കോട്ടയം കലക്ടർ പി കെ ജയശ്രീ, വയനാട് കലക്ടർ എ ഗീത തുടങ്ങി വിവിധ ജില്ലാ കലക്ടർമാരും ഉദ്യോഗസ്ഥരും ആസ്വാദകരായി വേദിയിൽ ഉണ്ടായിരുന്നു.