നൃത്തനാട്യ താള വിസ്മയങ്ങളിൽ മാറ്റുരച്ച തൃശൂരിന്റെ റോമി ചന്ദ്രമോഹൻ അനുകരണ കലയിലും ഏകാഭിനയത്തിലും മുന്നിൽ. റവന്യൂ കലോത്സവത്തിലെ മിമിക്രി, മോണോ ആക്ട് മത്സരങ്ങളിലാണ് റോമി ഒന്നാമതായത്. തൃശൂർ ജില്ലാ കലക്ട്രേറ്റിൽ എസ്റ്റാബ്ലിഷ്മെന്റ് സെഷനിൽ ക്ലർക്കായി ജോലി ചെയ്യുന്ന റോമി മുൻ പരിചയങ്ങളില്ലാതെയാണ് മിമിക്രി ചെയ്തതെങ്കിലും മോണോ ആക്ടിൽ സ്കൂൾ തലത്തിൽ സംസ്ഥാന കലോത്സവത്തിൽ മത്സരിച്ചിട്ടുണ്ട്. റോമി പ്രമുഖ നടി അംബിക മോഹന്റെ മകളാണ്. റീജിയണൽ തിയറ്ററിൽ നടന്ന മോണോ ആക്ട് മത്സരത്തിൽ ആർത്തവം ശുദ്ധമോ – അശുദ്ധമോ പുണ്യമോ – പാപമോ എന്ന വിഷയമാണ് റോമി അവതരിപ്പിച്ചത്. അതേ വേദിയിൽ മിമിക്രി മത്സരത്തിൽ മുൻപരിചയങ്ങളില്ലാതെ തന്നെ കാർട്ടൂൺ കഥാപാത്രങ്ങളുടേത് ഉൾപ്പെടെ മലയാള ചലച്ചിത്ര താരങ്ങളെയും രാഷ്ട്രീയ നേതാക്കളുടെയും ശബ്ദം വേദിയിൽ അവതരിപ്പിച്ച് കൈയടി നേടി.

വനിതാ വിഭാഗം അനുകരണ കലയിൽ രണ്ടാം സ്ഥാനം കാസർകോടുള്ള എ ആശലതയും മൂന്നാം സ്ഥാനം എ ലേഖയും കരസ്ഥമാക്കിയപ്പോൾ വനിതാ വിഭാഗം മോണോ ആക്ടിൽ കോട്ടയത്ത് നിന്നുള്ള ദർശനദാസ് രണ്ടാം സ്ഥാനവും കൊല്ലത്ത് നിന്നുള്ള പി ജി അനു കൃഷ്ണ മൂന്നാം സ്ഥാനവും കൈവരിച്ചു. വനിതാ വിഭാഗം അനുകരണ കലയിൽ അഞ്ചും മോണോ ആക്ടിൽ എട്ടും മത്സരാർത്ഥികളാണ് മത്സരിച്ചത്.