ശുദ്ധ സാഹിത്യത്തിനും ഭാഷാ സ്നേഹത്തിനും ഔദ്യോഗിക തിരക്കുകൾ വിലങ്ങുതടിയല്ലെന്ന് ഓര്‍മിപ്പിക്കുകയാണ് സംസ്ഥാന റവന്യൂ കലോത്സവവേദിയിലെ മത്സരാർത്ഥികൾ. സി എം എസ് സ്കൂൾ മിനി ഓഡിറ്റോറിയത്തിൽ നടന്ന പുരുഷ – വനിത കവിതാലാപന മത്സരത്തിൽ വള്ളത്തോൾ മുതൽ കാട്ടാക്കട വരെ പഴയ പുതിയ തലമുറയിലെ കവികളുടെ കവിതകൾ ആസ്വാദകരുടെ മനം കവർന്നു.
15 പേർ മത്സരിച്ച പുരുഷ വിഭാഗം കവിതാലാപനത്തിൽ വയലാറിന്റെ സർഗസംഗീതം എന്ന കവിത ചൊല്ലിയ കണ്ണൂർ ജില്ല ഡിസാസ്റ്റർ മാനേജ്മെന്റ് വിഭാഗം ജീവനക്കാരൻ കെ പി അനുരാഗ് ഒന്നാം സ്ഥാനം നേടി. അനിൽ പനച്ചൂരാൻ്റെ ഒരു പ്രണയകാലം എന്ന കവിത ആലപിച്ച വില്ലേജ് ഓഫീസർ കൂടിയായ ഇടുക്കിയുടെ വി ബി ജയൻ രണ്ടാം സ്ഥാനവും മധുസൂദനൻ നായരുടെ മരുഭൂമിയിലെ കിണർ, വയലാറിൻ്റെ താടക, കവിതകളുമായി എത്തിയ ആലപ്പുഴ ജില്ലയുടെ വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ് പി പ്രവീൺ, വില്ലേജ് ഓഫീസർ കൂടിയായ പത്തനംതിട്ടയുടെ ജോസഫ് ജോർജ് എന്നിവർ മൂന്നാം സ്ഥാനങ്ങൾ നേടി. മത്സരിച്ച എല്ലാവരും എ , ബി ഗ്രേഡുകൾ സ്വന്തമാക്കി.
13 പേർ മത്സരിച്ച വനിതാ വിഭാഗം മത്സരത്തിൽ കെ സച്ചിദാനന്ദൻ്റെ കവിത ആലപിച്ച ആലപ്പുഴയുടെ റവന്യൂ ജീവനക്കാരി ഇന്ദുഷ പി ഒന്നാം സ്ഥാനം കരസ്ഥമാക്കി. സുഗതകുമാരിയുടെ എന്തുപറ്റി നമ്മുക്ക് എന്ന കവിതയുമായി എത്തിയ വില്ലേജ് അസിസ്റ്റൻ്റ് കൂടിയായ ഇടുക്കിയുടെ എസ് സുമിയും
ഒ എൻ വി കുറുപ്പിൻ്റെ അശാന്തിപർവ്വം എന്ന കവിത ആലപിച്ച പത്തനംതിട്ടയുടെ വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ് പി പ്രവീണ വർമയും രണ്ടാം സ്ഥാനം പങ്കിട്ടു. സാം മാത്യൂവിൻ്റെ സഖാവ് എന്ന കവിത ആലപിച്ച റെവന്യൂ വിഭാഗം ക്ലർക്ക് തൃശൂരിൻ്റെ ഇ എ ആഷയും അയ്യപ്പ പണിക്കരുടെ മർത്യപൂജ വേദിയിൽ അവതരിപ്പിച്ച മലപ്പുറത്തിൻ്റെ റെവന്യൂ വിഭാഗം ജീവനക്കാരി കുമാരി ദീപയും മൂന്നാം സ്ഥാനം കരസ്ഥമാക്കി.
ആലാപന മികവ്, കവിതയുടെ ഒഴുക്ക്, കവിതാരീതി ശാസ്ത്രം, മിതമായ ഭാവം, സദസ്സിലെ അവതരണം, ഉച്ചാരണ ശുദ്ധി,സമയക്രമം എന്നിവ വിലയിരുത്തിയാണ് വിധികർത്താക്കൾ പുരുഷ – വനിത കവിതാലാപന മത്സരത്തിൻ്റെ ഫലം നിർണ്ണയിച്ചത് .
എടത്ര ജയൻ, പ്രമിത എം എൻ, ടി ബി സുരേഷ് ബാബു എന്നിവരായിരുന്നു വിധികർത്താക്കൾ.