സ്കൂൾ കലോത്സവങ്ങളിൽ തിളങ്ങി നിന്ന താരങ്ങളൊക്കെ ഇന്നെവിടെ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് സംസ്ഥാന റവന്യൂ കലോത്സവ വേദിയിലെ റോമി ചന്ദ്രമോഹൻ. ചുവപ്പ് നാടയിൽ കുരുങ്ങി പൊടിപിടിച്ച് തുടങ്ങിയ നിരവധി മനുഷ്യരുടെ സർഗശേഷിയെ വീണ്ടും വിളിച്ചുണർത്തിയതാവും ഒരുപക്ഷെ റവന്യൂ കലോത്സവത്തിന്റെ ചരിത്രപരമായ നിയോഗങ്ങളിൽ ഒന്ന്. റവന്യൂ കലോത്സവത്തിൽ തൊട്ടതെല്ലാം പൊന്നാക്കി കലാതിലക കിരീടം ചൂടിയ റോമിക്ക് പറയാനുള്ളതും ഒരു ഉയർത്തെഴുന്നേൽപ്പിന്റെ കഥയാണ്.
വിദ്യാലയമുറ്റത്ത് കലാജീവിതം അവസാനിപ്പിച്ച് ഉദ്യോഗസ്ഥ വേഷത്തിൽ ദൈനംദിന ജീവിത തിരക്കുകളുടെ കാബിനുകളിൽ ഞെരുങ്ങാൻ വിധിക്കപ്പെട്ട റോമി ചന്ദ്രമോഹന് കലോത്സവം ഒരു പുനർജനിയായി. ഭരതനാട്യം, മോഹിനിയാട്ടം, സംഘനൃത്തം, തിരുവാതിരക്കളി, സിനിമാറ്റിക് ഡാൻസ്, മൈം, നാടകം, മിമിക്രി, മോണോ ആക്ട് തുടങ്ങി ഒറ്റയ്ക്കും സംഘമായും പങ്കെടുത്ത 10 ഇനങ്ങളിൽ 9ലും ഒന്നാം സ്ഥാനം നേടിയാണ് റോമി കലാതിലകപട്ടം നേടിയത്. തലനാരിഴയ്ക്ക് കൈവിട്ടത് മൃദംഗം മാത്രം. ആദ്യമായി പങ്കെടുത്ത നാടകമായ ‘നവ ഭാരത കഥ’ യിലെ അഭിനയത്തിന് മികച്ച നടിയായും റോമി തിരഞ്ഞെടുക്കപ്പട്ടു.
റോമിയുടെ സർഗശേഷിയുടെ ചിറകിൽ തൃശൂർ ഓവറോൾ കിരീടം നേടിയത് ജില്ലയ്ക്ക് ഇരട്ടിമധുരവുമായി.
ബാല്യം കലാസമ്പന്നം
ചാലക്കുടി ആളൂർ സെന്റ് ജോസഫ് സ്കൂളിൽ മൂന്നാം ക്ലാസ് മുതൽ കലാമത്സര വേദികളിലെ നിറ സാന്നിധ്യമായിരുന്നു റോമി. മാള ഉപജില്ലയിൽ ഏഴ് വർഷം കലാതിലകമായി. തുടർ പഠനത്തിന് ചേർന്ന സേക്രട്ട് ഹാർട്ട്, ക്രൈസ്റ്റ് കോളേജുകളുടെ സർഗവേദികളും റോമിയെ മറക്കില്ല. ആറാം ക്ലാസ് മുതൽ റോമി കുച്ചിപുടിയിൽ നൃത്തമഭ്യസിക്കുന്നുണ്ട്. സുധി നൃത്തപ്രിയൻ, ആർ എൽ വി ആനന്ദ് എന്നിവരാണ് നൃത്തത്തിൽ റോമിയുടെ ഗുരുക്കൻമാർ.
സർക്കാർ ജോലിയും കലയും
അയ്യന്തോൾ കലക്ട്രേറ്റ് എസ്റ്റാബ്ലിഷ്മെന്റ് വിഭാഗമാണ് റോമിയുടെ സേവന ജീവിതത്തിന്റെ വേദി. കലോത്സവത്തിന്റെ ആവേശത്തോടൊപ്പം റിഹേഴ്സൽ തരുന്ന അമിത അധ്വാനവും പിരിമുറുക്കവും മറികടക്കാൻ സഹായിച്ചതിന് സഹപ്രവർത്തകരും മേൽ ഉദ്യോഗസ്ഥരും നൽകിയ അകമഴിഞ്ഞ പിന്തുണയ്ക്ക് നന്ദി പറയാനും റോമി മറന്നില്ല.
കുടുംബം സർഗ്ഗശേഷിയുടെ ഉറവിടം
തന്റെ കലാവായനയുടെ ഉറവിടമായി റോമി കണക്കാക്കുന്നത് സ്വന്തം കുടുംബത്തെ ആണ്. സിനിമ, സീരിയൽ രംഗത്ത് പ്രശസ്തയായ അഭിനേത്രി അംബിക മോഹനാണ് റോമിയുടെ അമ്മ.
കലാവാസനകൾ മൂടിവെക്കാനുള്ളതല്ലെന്നും വൈകിയ വേളയാണെങ്കിലും ഇനി വരുന്ന അവസരങ്ങളെ ഇരു കൈയും നീട്ടി സ്വീകരിക്കുമെന്ന് റോമി പറയുന്നു. പ്രഥമ റവന്യൂ കലോത്സവത്തിൽ കലാതിലകം പട്ടം ഏറ്റുവാങ്ങി ആത്മവിശ്വാസത്തിന്റെ കൊടുമുടിയിൽ നിന്നാണ് റോമിയുടെ ഈ കലാ വിളംബരം.