സംസ്ഥാന തലത്തിൽ നടന്ന പ്രഥമ റവന്യൂ കലോത്സവത്തിൽ കലാപ്രതിഭയായി ഇഞ്ചമുടി വില്ലേജ് ഓഫീസ് സ്പെഷ്യൽ വില്ലേജ് ഓഫീസർ കെ ബി രാധാകൃഷ്ണൻ. ചിത്രരചന, ജലഛായം എന്നീ ഇനങ്ങളിൽ എ ഗ്രേഡോടെ ലഭിച്ച ഒന്നാം സ്ഥാനങ്ങളാണ് രാധാകൃഷ്ണനെ കലാപ്രതിഭാ പട്ടത്തിന് അർഹനാക്കിയത്.

വില്ലേജ് ഓഫീസ് ജീവനക്കാരൻ എന്നതിലുപരി ഇരിങ്ങാലക്കുട, കീഴ്താണി സ്വദേശിയായ രാധാകൃഷ്ണൻ ഒരു പ്രൊഫഷണൽ ചിത്രകാരൻ കൂടിയാണ്.
20 വർഷക്കാലമായി പെയിന്റിംഗ് രംഗത്തുള്ള രാധാക്യഷ്ണൻ ആയിരത്തോളം ചിത്രങ്ങൾ ഇതിനോടകം പൂർത്തിയാക്കി കഴിഞ്ഞു. സംഗീത രചനയിലും കവിതയെഴുത്തിലും ഇദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്.

എഴുത്തുകാരുടെ കൂട്ടായ്മയിൽ ഇരിങ്ങാലക്കുടയിൽ പ്രവർത്തിക്കുന്ന സംഗമസാഹിതിയുടെ സജീവ പ്രവർത്തകനാണ്. ”ഒരു ഗ്രാമത്തിലെ റേഷൻ കട” എന്ന പെൻസിൽ ഡ്രോയിംഗ് വിഷയം തന്റെ ബാല്യകാല ഓർമ്മകൾ ഉപയോഗപ്പെടുത്തിയാണ് രാധാകൃഷ്ണൻ പൂർത്തിയാക്കിയത്. ജലഛായത്തിന് ലഭിച്ച ‘പ്രളയകാല രക്ഷാപ്രവർത്തനം’ എന്ന വിഷയവും താൻ നേരിട്ട് പങ്കെടുത്ത രക്ഷാ പ്രവർത്തനത്തിന്റെ അനുഭവം ഉൾചേർത്താണ് യാഥാർത്ഥ്യമാക്കിയത്.