4.25 ലക്ഷത്തിന്റെ സാധനങ്ങള്‍ വായനാട്ടിലെത്തി
കല്‍പ്പറ്റ: ദുരന്തമുഖത്ത് ആശ്വാസമാവാന്‍ ഒരുലോറി നിറയെ അവശ്യവസ്തുക്കളുമായി തമിഴ്‌നാട് സേലം ജില്ലാ ഭരണകൂടം. കേരളത്തില്‍ കാലവര്‍ഷം കനക്കുന്നുവെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ തന്നെ തമിഴ്‌നാട് ഫുഡ് സേഫ്റ്റി കമ്മീഷണര്‍ ടി. അമുദയുടെ നേതൃത്വത്തില്‍ ചെന്നൈയില്‍ അടിയന്തര യോഗം ചേര്‍ന്നു. തമിഴ്‌നാട്ടിലെ 32 ജില്ലകളില്‍ നിന്നും അടിയന്തര സഹായം എത്തിക്കണമെന്ന് ഈ യോഗത്തില്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് സേലത്ത് നിന്നുള്ള ആദ്യ ലോറി ബുധനാഴ്ച രാവിലെ പതിനൊന്നോടെ കളക്ടറേറ്റിലെത്തിയത്. സേലം പെദനായ്ക്കന്‍ പാളയം ബ്ലോക്ക് ഫുഡ്‌സേഫ്റ്റി ഓഫിസര്‍ ആര്‍. മാരിയപ്പന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച രാത്രി എട്ടോടെ പുറപ്പെട്ട ലോറി വെള്ളക്കെട്ടുകളിലൂടെ ഏറെ സാഹസപ്പെട്ടാണ് കളക്ടറേറ്റിലെ ഫ്‌ളഡ് റിലീഫ് സ്റ്റോറിലെത്തിയത്. 4,25,550 രൂപയുടെ 12,000 കിലോഗ്രാം സാധനസാമഗ്രികളാണ് ലോറിയിലുള്ളത്. 50 ചാക്ക് അരി, പത്ത് ചാക്ക് പരിപ്പ്, 100 ലിറ്ററിലധികം വെളിച്ചെണ്ണ, പാത്രങ്ങള്‍, പരിപ്പ്, എണ്ണ, മൈദ, വസ്ത്രങ്ങള്‍, ബെഡ്ഷീറ്റ്, പ്ലാസ്റ്റിക് ബക്കറ്റുകള്‍ തുടങ്ങി നാപ്കിനുകള്‍ വരെ ഇവയില്‍പ്പെടും. കേരളത്തിലെ മറ്റു ദുരിതബാധിത പ്രദേശങ്ങളിലും തമിഴ്‌നാട്ടില്‍ നിന്നുള്ള ലോറികള്‍ ഉടനയെത്തും. അതേസമയം, കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഹായഹസ്തങ്ങളും വയനാട്ടിലേക്ക് നീളുകയാണ്. സന്നദ്ധ സംഘടനകളും വ്യക്തികളും കൂട്ടായ്മകളും വാഹനങ്ങള്‍ നിറയെ അവശ്യവസ്തുക്കളുമായി ചുരം കയറുന്നു. അവധി ദിനങ്ങളില്‍ പോലും ദുരിന്തനിവാരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയാണ് ജീവനക്കാര്‍. ഫ്‌ളഡ് റിലീഫ് സ്റ്റോറിലെത്തുന്ന സാധനങ്ങള്‍ ഇറക്കിവയ്ക്കുന്നതും തരംതിരിക്കുന്നതിലും ആവശ്യാനുസരണം ക്യാമ്പുകളിലേക്ക് എത്തിക്കുന്നതിലും വ്യാപൃതരാണിവര്‍.