കേരളത്തിന്റെ ഹരിതാഭ വര്‍ധിപ്പിക്കുന്നതിനുള്ള ഹരിതകേരളം മിഷന്റെ പച്ചത്തുരുത്ത് പദ്ധതി പ്രകാരം ഈ സാമ്പത്തിക വര്‍ഷം ഇതുവരെ ജില്ലയില്‍ ഒരുക്കിയത് 20 പച്ചത്തുരുത്തുകള്‍. 17 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി 181 സെന്റില്‍ 755 തൈകളാണ് നട്ട് സംരക്ഷിക്കുന്നത്. ജൂണ്‍ അഞ്ചിന് ചിറ്റാറ്റുകര ഗ്രാമ പഞ്ചായത്തിലായിരുന്നു പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം. വരും ദിവസങ്ങളില്‍ കൂടുതല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഈ പദ്ധതിയില്‍ പങ്കാളികളാകും.
ചിറ്റാറ്റുകര, പള്ളിപ്പുറം, മഞ്ഞപ്ര, കടുങ്ങല്ലൂര്‍, കരുമാലൂര്‍, തിരുമാറാടി, ഏഴിക്കര, ആമ്പല്ലൂര്‍, കാലടി, മലയാറ്റൂര്‍, കോട്ടുവള്ളി, പുത്തന്‍വേലിക്കര, മുളന്തുരുത്തി, എടത്തല, വാളകം എന്നീ ഗ്രാമഞ്ചായത്തുകളും കളമശേരി നഗരസഭയും കൊച്ചി കോര്‍പറേഷനുമാണ് നിലവില്‍ പച്ചത്തുരുത്തുകള്‍ നിര്‍മിച്ചിരിക്കുന്നത്.
പൊതുസ്ഥലങ്ങളിലുള്‍പ്പെടെ തരിശ് സ്ഥലങ്ങള്‍ കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശീയമായ സസ്യങ്ങളും ഉള്‍പ്പെടുത്തി സ്വാഭാവിക ജൈവ വൈവിധ്യ തുരുത്തുകള്‍ സൃഷ്ടിച്ചെടുത്ത് സംരക്ഷിക്കാനാണ് പച്ചത്തുരുത്ത് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ഇതിനായി സ്ഥലങ്ങള്‍ കണ്ടെത്തുന്നത്. അര സെന്റോ അതില്‍ കൂടുതലോ വിസ്തൃതിയുള്ള ഭൂമിയിലാണ് പച്ചത്തുരുത്തുകള്‍ നിര്‍മിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷഫലങ്ങള്‍ കുറയ്ക്കുന്നതിനും ഹരിത ഗൃഹവാതകങ്ങളുടെ സാന്നിധ്യം കൊണ്ടുണ്ടാകുന്ന ആഗോളതാപനത്തെ ചെറുക്കുന്നതിനും പച്ചത്തുരുത്തുകള്‍ക്ക് നിര്‍ണായക പങ്ക് വഹിക്കാനാകും. അന്തരീക്ഷത്തിലെ അധികം കാര്‍ബണിനെ ആഗിരണം ചെയ്ത് സംഭരിച്ച് സൂക്ഷിക്കുന്ന കാര്‍ബണ്‍ കലവറകളായി വര്‍ത്തിക്കുന്ന പച്ചത്തുരുത്തുകള്‍ പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണവും ഉറപ്പാക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കൃഷിവകുപ്പ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി, വനംവകുപ്പിന്റെ സാമൂഹ്യ വനവത്ക്കരണ വിഭാഗം, പരിസ്ഥിതി സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പച്ചത്തുരുത്ത് സൃഷ്ടിക്കുന്നത്.
2019ല്‍ ആരംഭിച്ച ഈ പദ്ധതി പ്രകാരം ജില്ലയില്‍ 34 തദ്ദേശ സ്ഥാപനങ്ങളിലായി 44 പച്ചത്തുരുത്തുകള്‍ നിലവിലുണ്ട്. കൂടാതെ തീരദേശ പ്രദേശങ്ങളില്‍ കണ്ടല്‍ പച്ചത്തുരുത്ത് നിര്‍മ്മിക്കുന്നതിനുള്ള പദ്ധതിയും പള്ളിപ്പുറം ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്നുണ്ട്. 2019ല്‍ ആരംഭിച്ച പച്ചത്തുരുത്ത് പദ്ധതി പ്രകാരം ഓരോ വര്‍ഷവും ആയിരം പച്ചത്തുരുത്തുകളാണ് സംസ്ഥാനത്ത് നിര്‍മിക്കപ്പെടുന്നത്.