പത്തനംതിട്ട ജില്ലയുടെ പ്രധാന വാണിജ്യ കേന്ദ്രമായി കോഴഞ്ചേരി വികസിക്കുകയാണ്. ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ കണ്‍വന്‍ഷന്‍ നടക്കുന്ന മാരാമണ്ണും, ഹിന്ദുമത വിശ്വാസികളുടെ സംഗമ സ്ഥലമായ ചെറുകോല്‍പ്പുഴയും കോഴഞ്ചേരിക്ക് സമീപമാണ്. ലക്ഷക്കണക്കിന് ജനങ്ങളാണ് ഈ കണ്‍വന്‍ഷനുകളില്‍ പങ്കെടുക്കാന്‍ കോഴഞ്ചേരി പ്രദേശത്ത് എത്തുന്നത്. കോഴഞ്ചേരി പഞ്ചായത്തിലെ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പ്രസിഡന്റ് ജിജി വര്‍ഗീസ് സംസാരിക്കുന്നു:

പ്ലാസ്റ്റിക് വിമുക്ത പഞ്ചായത്ത്
പഞ്ചായത്തിനെ പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ നിന്ന് വിമുക്തമാക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഹരിതകര്‍മസേന നടത്തി വരുന്നു. പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍  ശേഖരിച്ച് സ്റ്റേഡിയത്തിലെ എം സി എഫില്‍ വച്ച് തരം തിരിച്ചതിനു ശേഷം പുനരുപയോഗം ചെയാനാകുന്നവ പൊടിച്ച് മാറ്റുന്നതിനായി ആര്‍ആര്‍എഫിലേക്കും മറ്റ് മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്കും കൈമാറുന്നു. മാലിന്യ സംസ്‌കാരണ പ്രവര്‍ത്തനങ്ങള്‍  മികച്ച രീതിയിലാണ് നടക്കുന്നത്. വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് ഏല്‍പിച്ചിരിക്കുന്ന ഏജന്‍സിയും കൃത്യമായി അവിടെ നിന്നും മാലിന്യം നീക്കം ചെയ്യുന്നുണ്ട്. ഒപ്പം  മാലിന്യം വലിച്ചെറിയുന്നവരില്‍ നിന്നും പിഴയും ഈടാക്കി വരുന്നു.

ബയോബിന്‍
അടുക്കളയിലെ ജൈവവസ്തുക്കള്‍ വളമാക്കി മാറ്റുന്നതിനായി നൂറ് വീടുകളില്‍ ബയോബിന്നുകള്‍ വിതരണം ചെയ്തു. ഈ വര്‍ഷം 500 വീടുകളില്‍ ബയോ ബിന്‍ നല്‍കും.

ജൈവ വൈവിധ്യ ബോര്‍ഡുമായി സഹകരണം
വൃത്തിഹീനമായി കിടന്ന പമ്പയുടെ കൈവഴിയായ കണിയാംചാല്‍ ജൈവ വൈവിധ്യ ബോര്‍ഡിന്റെ സഹായത്തോടെ വൃത്തിയാക്കി. ഗ്രീന്‍ നെറ്റ് വലിച്ചു സംരക്ഷിക്കാനും പദ്ധതി ഉണ്ട്. കീരുകരചാലും വൃത്തിയാക്കാന്‍ പദ്ധതിയുണ്ട്. പഞ്ചായത്തില്‍ ജൈവവൈവിധ്യ ബോര്‍ഡിന്റെ സഹകരണത്തോടെ 2000 തൈകള്‍ കീഴുകര മലവുംതിട്ട കടവില്‍ നട്ടു. പഞ്ചായത്തും ജൈവവൈവിധ്യബോര്‍ഡും ചേര്‍ന്നു ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ഔഷധസസ്യങ്ങള്‍ അടക്കം വിവിധ തരത്തില്‍പ്പെട്ട 54 സസ്യങ്ങളുടെ ഒരു ഉദ്യാനം നിര്‍മിച്ചു. തണുങ്ങാട്ടില്‍ പാലത്തിന് സമീപം ഉദ്യാനം നിര്‍മ്മിക്കുന്നതിന് പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്. കാര്‍ബണ്‍ ന്യൂട്രല്‍ പഞ്ചായത്ത് ആക്കുന്നതിന് വേണ്ടി ബയോഡൈവേഴ്‌സിറ്റി ബോര്‍ഡുമായി ചേര്‍ന്ന് എല്ലാ വീടുകളിലും ഒരു രാമച്ചത്തിന്റെ തൈ വളര്‍ത്തുന്ന ജീവാമൃതം പദ്ധതി തുടങ്ങും.

നദീസംരക്ഷണം
നദികളും തോടുകളും സംരക്ഷിക്കുന്നതിന്റെ ഭാഗമായി പന്ത്രണ്ടാം വാര്‍ഡില്‍ ഉള്‍പ്പെട്ട വലിയതോടിന്റെ വശങ്ങളില്‍(തണുങ്ങാട്ടില്‍ പാലം മുതല്‍ ചന്തക്കടവ് വരെ) തൊഴിലുറപ്പ് തൊഴിലാളികള്‍ കയര്‍ഭൂവസ്ത്രം വിരിച്ചു.

മാലിന്യം തള്ളുന്നത് തടയാന്‍ സിസിടിവി
പഞ്ചായത്തിനെ മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായി മാലിന്യം കുമിഞ്ഞുകൂടിയിരുന്ന വണ്ടിപ്പേട്ടയും ബസ് സ്റ്റാന്റും വൃത്തിയാക്കി. ഇവിടെയും തണുങ്ങാട്ടില്‍ പാലത്തിനു സമീപവും സിസിടിവി ക്യാമറ സ്ഥാപിച്ചു.

കുടിവെള്ളം
പഞ്ചായത്തിലെ പഴക്കം ചെന്ന പൈപ്പ് ലൈനുകളില്‍ ചിലത് പൊട്ടി വെള്ളം പാഴാകാറുണ്ട്. കൃത്യമായ ഇടപെടലുകള്‍ പഞ്ചായത്ത് നടത്തുന്നുണ്ട്. പ്രളയത്തിന് ശേഷം ചെളി അടിഞ്ഞ പമ്പിംഗ് സ്റ്റേഷനിലെ കിണര്‍ വൃത്തിയാക്കി ഫുട്ട് വാല്‍വ് താഴ്ത്തി സ്ഥാപിച്ചു. ജലജീവന്‍ മിഷനുമായി ചേര്‍ന്ന് കുടിവെള്ളത്തിനായി പൈപ്പ് മാറുന്ന പ്രവര്‍ത്തനം ആരംഭിച്ചു. വേനല്‍ക്കാലത്ത് കുടിവെള്ളക്ഷാമം നേരിടുന്ന ഇടങ്ങളില്‍ വെള്ളം ടാങ്കറില്‍ എത്തിച്ചു.

മറ്റ് പ്രവര്‍ത്തനങ്ങള്‍
പഞ്ചായത്തില്‍ നെല്ല്, വാഴ, കിഴങ്ങ് വര്‍ഗം തുടങ്ങിയവ സുഭിക്ഷ കേരളം പദ്ധതിയിലൂടെ കൃഷി ചെയുന്നു. പച്ചക്കറി വിത്തുകള്‍ എല്ലാ വീടുകളിലും എത്തിച്ചു. ഹോമിയോ ആശുപത്രി വൈദ്യുതീകരിച്ചു. അവിടേക്കുള്ള നടപ്പാതയുടെ നിര്‍മാണം നടന്നു വരുന്നു. അങ്കണവാടികള്‍ക്ക് ആവശ്യമായ ഫര്‍ണിച്ചറുകള്‍ നല്‍കി. ചായം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒമ്പതാം വാര്‍ഡിലെ അങ്കണവാടി നവീകരിച്ചു. പഞ്ചായത്തിലെ സ്‌കൂളുകളില്‍ മാതാപിതാക്കള്‍ക്കായി കൗണ്‍സിലിഗ് ആരംഭിച്ചു. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി യുപി സ്‌കൂളുകളിലെ കുട്ടികളേയും മാതാപിതാക്കളേയും ഉള്‍പ്പെടുത്തി കൃഷി പരിപാടികള്‍ ആരംഭിച്ചു. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഭിന്നശേഷിക്കാരായ രണ്ട് പേര്‍ക്ക് ഇലക്ട്രോണിക് വീല്‍ചെയറുകള്‍ നല്‍കി. വൃദ്ധജനങ്ങള്‍ക്ക് കട്ടില്‍, ഭവന പുനരുദ്ധാനം, മുട്ടക്കോഴി വളര്‍ത്തല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായും ഫണ്ട് വിനയോഗിച്ചു. ബാലസഭയിലെ കുഞ്ഞുങ്ങള്‍ക്കായി 15 ദിവസം നീണ്ടുനില്‍ക്കുന്ന യോഗപരിശീലനം നടത്തി. കോഴഞ്ചേരിയെ മലമ്പനി വിമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളും മികച്ച രീതിയില്‍ നടക്കുന്നു. ആശാ പ്രവര്‍ത്തകര്‍ മരുന്നുകള്‍ വീടുകളില്‍ എത്തിക്കുന്നു. മുഖ്യമന്ത്രിയുടെ പന്ത്രണ്ട് ഇന പരിപാടിയിലെ ടേക്ക് എ ബ്രേക്ക് തെക്കേമല തണുങ്ങാട്ടി പാലത്തിന് സമീപം പ്രവര്‍ത്തനമാരംഭിച്ചു.

ഭാവി പദ്ധതികള്‍
സ്റ്റേഡിയവുമായി ബന്ധപ്പെട്ട ചില പദ്ധതികള്‍ പരിഗണനയിലുണ്ട്. ഇന്‍ഡോര്‍ സ്റ്റേഡിയം, ഇന്‍ഡോര്‍ ഷട്ടില്‍ കോര്‍ട്ട്, കമ്മ്യൂണിറ്റി ഹാളിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. പഞ്ചായത്തിലെ കോളനികളിലെ പൊതു ആവശ്യമായ പൊതു ശ്മാശനത്തിനു വേണ്ടി സ്ഥലം കണ്ടെത്തി നിര്‍മിക്കാന്‍ ആലോചന ഉണ്ട്. പഞ്ചായത്തിലുള്ള പൊതുശുചി മുറികളുടെ നവീകരണം, കായികതാരങ്ങളെ വളര്‍ത്താന്‍ പരിശീലനം, സ്‌പോട്‌സ് കിറ്റ് വിതരണം, യോഗ പരിശീലനം, കരാട്ടേ പരിശീലനം, കുട്ടികള്‍ക്ക് വേണ്ടിയുള്ള പദ്ധതികള്‍ നടപ്പാക്കും.