ആരോഗ്യപരിപാലന രംഗത്ത് അനുകരണീയ സംരംഭ മാതൃകയാണ് കുടുംബശ്രീയുടെ സാന്ത്വനം പദ്ധതി. പൊതുജനങ്ങൾക്കിടയിൽ ജീവിതശൈലീ രോഗങ്ങൾ വർദ്ധിക്കുന്നതും രക്തപരിശോധനയ്ക്കായി ക്ലിനിക്കുകളിലേക്ക് യാത്ര ചെയ്യേണ്ടിവരുന്നത് പതിവുമായ സാഹചര്യത്തിലാണ് സാധാരണക്കാർക്ക് തുണയാകുന്ന പദ്ധതി കുടുംബശ്രീ അവതരിപ്പിച്ചത്. വീടുകളിലെത്തി രക്തപരിശോധന ഉൾപ്പെടെയുള്ള സേവനങ്ങൾ നൽകാനും അതിലൂടെ കേരള സമൂഹം നേരിടുന്ന ഒരു പ്രശ്നത്തിനുളള പരിഹാരം സ്ത്രീകളുടെ ഉപജീവനത്തിനുള്ള അവസരമാക്കി മാറ്റാനും സാന്ത്വനം പദ്ധതിയിലൂടെ സാധിക്കുന്നു.
2006 ൽ ആണ് സാന്ത്വനം പദ്ധതി ആവിഷ്‌കരിച്ചത്. കുടുംബശ്രീ വനിതകൾക്ക് പുതിയൊരു സംരംഭ മാതൃകയും അതിനോടൊപ്പം ജനങ്ങൾക്ക് ആരോഗ്യപരിരക്ഷയും ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയാണ് ഇത്. വീടുകളിൽ നേരിട്ടെത്തി ബിപി, പ്രമേഹം എന്നിവ പരിശോധിച്ച് അതിലൂടെ വരുമാനം നേടാൻ കുടുംബശ്രീ വനിതകൾക്ക് വഴിയൊരുക്കുന്നു. സംരംഭ മേഖലയിൽ താത്പര്യമുള്ള, പത്താം ക്ലാസ് വിജയിച്ച സ്ത്രീകൾക്ക് ഹെൽത്ത് ആക്ഷൻ ബൈ പീപ്പിൾ ഏഴ് ദിവസം പരിശീലനം നൽകുന്നു. ഉയരം, ശരീരഭാരം, ബോഡി മാസ് ഇൻഡക്സ്, രക്തസമ്മർദ്ദം, രക്തക്കുഴലിലെ ഗ്ലൂക്കോസിന്റെ അളവ്, കൊളസ്ട്രോൾ എന്നിവ പരിശോധിക്കാൻ പരിശീലനം നൽകി ഉപകരണങ്ങൾ അടങ്ങിയ കിറ്റും നൽകുന്നു. വിരൽത്തുമ്പിൽനിന്ന് രക്തം എടുത്ത് പരിശോധിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങളുടെ സഹായത്തോടെയാണ് സാന്ത്വനം വോളണ്ടിയർമാർ സേവനം നൽകുന്നത്.
പരിശോധിക്കാനുള്ള ഉപകരണങ്ങൾ അടങ്ങിയ കിറ്റിനുള്ള തുക വോളണ്ടിയർമാർ നൽകണം. ഇതിനായി വായ്പ കുടുംബശ്രീ സഹായത്തോടെ ലഭിക്കും. കൊളസ്ട്രോൾ പരിശോധയ്ക്ക് ഉപയോഗിക്കുന്ന സ്ട്രിപ് പോലുള്ളവയ്ക്ക് സബ്സിഡിയും നൽകും. വോളണ്ടിയർമാർ കാലാകാലങ്ങളിൽ തങ്ങളുടെ രജിസ്ട്രേഷൻ കാർഡ് പുതുക്കണം.
ഓരോ സേവനത്തിനും ചെറിയ ഫീസ് വാങ്ങിയാണ് വരുമാനം കണ്ടെത്തുന്നത്. കുടുംബശ്രീയുടെ നിർദ്ദേശത്തിനനുസരിച്ചാണ് സേവനങ്ങൾക്കുള്ള നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. കാര്യക്ഷമതയോടെയും കൃത്യനിഷ്ഠയോടെയും പ്രവർത്തിക്കുന്ന സാന്ത്വനം അംഗങ്ങൾക്ക് മികച്ച വരുമാനമാണ് ലഭിക്കുന്നത്. കുറഞ്ഞത് 15000 രൂപ മുതൽ 50000 രൂപവരെ മാസവരുമാനം നേടുന്ന സാന്ത്വനം വോളണ്ടിയർമാരുണ്ട്. സേവന സ്വീകർത്താവിനെ സംബന്ധിച്ചിടത്തോളം ആവശ്യ സമയത്ത് വീട്ടിൽ തന്നെ സേവനം ലഭിക്കുമെന്നതിനാൽ യാത്രാക്കൂലി ഉൾപ്പെടെ ചെലവ് കുറയ്ക്കാൻ സാധിക്കുന്നു.
നിലവിൽ 400 ഓളം സാന്ത്വനം വോളന്റിയർമാർ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. കേരളത്തിലെ ഓരോ തദ്ദേശസ്ഥാപനത്തിലും ഒരു വോളന്റിയറെങ്കിലും വേണമെന്ന ലക്ഷ്യം യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുകയാണ്.വോളന്റിയർമാരുടെ ലിസ്റ്റും പ്രവർത്തന മേഖലയും http://www.kudumbashree.org/pages/557 ൽ ലഭിക്കും.