സ്വാതന്ത്ര്യത്തിന്‍റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം സംഘടിപ്പിക്കുന്ന ഉജ്ജ്വല്‍ ഭാരത് ഉജ്ജ്വല്‍ ഭവിഷ്യ പവര്‍ @ 2047 വൈദ്യുതി മഹോത്സവത്തിന്‍റെ ജില്ലയിലെ രണ്ടാം ഘട്ട പരിപാടി കായംകുളം കേന്ദ്രീയ വിദ്യാലയത്തില്‍ എന്‍.ടി.പി.സി ജനറല്‍ മാനേജര്‍ എസ്.കെ. റാം ഉദ്ഘാടനം ചെയ്തു. പുരപ്പുറ സൗരോര്‍ജ പദ്ധതി പോലെ നൂതന ഊര്‍ജ്ജ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ കേരളം രാജ്യത്തിന് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.

പവര്‍ ഗ്രിഡുകളിലേക്ക് ബന്ധിപ്പിച്ചിട്ടുള്ള സൗരോര്‍ജ്ജ പാനലുകളില്‍ നിന്ന് മികച്ച രീതിയില്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുന്നുണ്ട്. 2022ല്‍ രാജ്യത്തെ പ്രതീശീര്‍ഷ വൈദ്യുതി ഉപഭോഗത്തിലെ വര്‍ധന 32 ശതമാനമാണ്. കെ.എസ്.ഇ.ബി.യുടെയും കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിന്‍റെയും സംയുക്ത പരിശ്രമ ഫലമായി ഭാവിയില്‍ ഉപഭോഗത്തേക്കാള്‍ അധിക ഉര്‍ജ്ജം ഉത്പാദിക്കുന്ന നിലയിലേക്ക് സംസ്ഥാനത്തിന് വളരാനാകും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ ചിങ്ങോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എസ്. സജിനി അധ്യക്ഷയായി. ജില്ലാ വികസന കമ്മീഷണര്‍ കെ.എസ്. അഞ്ജു, എന്‍.പി.ടി.ഐ. ഡയറക്ടര്‍ പി. മുത്തുസ്വാമി, കെ.എസ്.ഇ.ബി. ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍മാരായ ടി.ആര്‍. രേഖ, എം.വി. മധു, ഉദ്യോഗസ്ഥര്‍, എന്‍.ടി.പി.സി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.