ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ആരോഗ്യ സേവനങ്ങൾ സംബന്ധിച്ചും ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ചും പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് സംസ്ഥാനതല വിദഗ്ദ്ധസമിതി രൂപീകരിച്ച് സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു.
സാമൂഹ്യനീതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായ സമിതിയിൽ കണ്ണൂർ മെഡിക്കൽ കോളജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. എ. കെ. ജയശ്രീ, കണ്ണൂർ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. അജയകുമാർ, കോട്ടയം മെഡിക്കൽ കോളജ് പ്ലാസ്റ്റിക് സർജറി വിഭാഗം പ്രൊഫസറും വകുപ്പ് മേധാവിയുമായ ഡോ. ലക്ഷ്മി. എം, പേരൂർക്കട മെന്റൽ ഹോസ്പിറ്റൽ മെമ്പർ ഡോ. ദിനേഷ് ബാബു, സ്റ്റേറ്റ് മെന്റൽ ഹെൽത്ത് നോഡൽ ഓഫീസർ ഡോ. കിരൺ പി. എസ്, തിരുവനന്തപുരം ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി മെമ്പർ ശ്രീജ ശശിധരൻ, സംസ്ഥാന ട്രാൻസ്‌ജെൻഡർ ജസ്റ്റിസ് ബോർഡ് മെമ്പർ ശീതൾ ശ്യാം, സംസ്ഥാന ട്രാൻഡജെൻഡർ ജസ്റ്റിസ് ബോർഡ് മെമ്പർ സൂര്യ ഇഷാൻ, ട്രാൻസ്‌ജെൻഡർ ജസ്റ്റിസ് ബോർഡ് മെമ്പർ സോനു നിരഞ്ജൻ, ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കുവേണ്ടിയുള്ള ദേശീയ കൗൺസിൽ മെമ്പർ വിഹാൻ പീതാംബർ, സ്റ്റേറ്റ് പ്രോജക്ട് കോ-ഓർഡിനേറ്റർ, ട്രാൻസ്‌ജെൻഡർ സെൽ മെമ്പർ ശ്യാമ എസ്. പ്രഭ, സ്റ്റേറ്റ് പ്രൊജക്ട് കോ-ഓർഡിനേറ്റർ, ട്രാൻസ്‌ജെൻഡർ സെൽ മെമ്പർ ലയ മരിയ ജെയ്‌സൺ എന്നിവരാണ് അംഗങ്ങൾ. സാമൂഹനീതി വകുപ്പ് ഡയറക്ടറാണു സമിതിയുടെ കൺവീനർ.
ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കുള്ള ആരോഗ്യസേവനങ്ങൾ, ഏതെങ്കിലും ഒരു സർക്കാർ ആശുപത്രിയിൽ ഹോർമോൺ ചികിത്സ, ലിംഗമാറ്റ ശസ്ത്രക്രിയകൾ എന്നിങ്ങനെയുള്ള സംവിധാനം കൊണ്ടുവരൽ, ട്രാൻസ്‌ജെൻഡർ ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, സർക്കാർ മേഖലയിൽ ഇത്തരം ശസ്ത്രക്രിയകളിൽ പ്രാവീണ്യമുള്ള ഡോക്ടർമാർക്ക് വിദഗ്ധ പരിശീലനം നൽകി ശസ്ത്രക്രിയകൾ നടത്തൽ, ലിംഗമാറ്റ ശസ്ത്രക്രിയകൾ ഹോർമോൺ ചികിത്സൾ, ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട സ്വകാര്യമേഖലയിലെ സാമ്പത്തിക ചൂഷണങ്ങൾ തടയുന്നതിനായി ഏകീകൃത ചികിത്സാ ചെലവ്, ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് നൽകുന്ന ആരോഗ്യ സേവനങ്ങൾക്ക് കൃത്യമായ മാർഗനിർദ്ദേശം, ഇത്തരം സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്ക് ലൈസൻസ് കൊണ്ടുവരിക, ഇവ നൽകുന്ന ആശുപത്രികൾക്ക് അതിനുള്ള സംവിധാനങ്ങൾ ഉണ്ടോ എന്നുള്ളത് ഉറപ്പാക്കൽ തുടങ്ങിയവയാണ് സമിതിയുടെ പരിഗണനാ വിഷയങ്ങൾ.
ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയരായ വ്യക്തികളിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങളുമായി (പോസ്റ്റ്-സെക്‌സ് റീ-അസൈന്റമെന്റ് സർജറി, POST SRS) ബന്ധപ്പെട്ട പഠനം നടത്തുന്നതിന് മേൽ കമ്മിറ്റി ശിപാർശ സമർപ്പിക്കണം.
ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ഒരു എത്തിക്കൽ കമ്മിറ്റി രൂപീകരിക്കുന്നതിനായി കമ്മിറ്റി അംഗങ്ങളെ സർക്കാരിനോട് ശിപാർശ ചെയ്യുന്നതിനും പ്രസ്തുത വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനതല വിദഗ്ധ സമിതി മൂന്ന് മാസത്തിനകം പഠന റിപ്പോർട്ട് സമർപ്പിക്കും.