ഹരിത കേരള മിഷൻ്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ദേവ ഹരിതം പദ്ധതിക്ക് കോഴിക്കോട് ജില്ലയിൽ തുടക്കമായി. ജില്ലയിൽ ആദ്യമായി പദ്ധതി നടപ്പാക്കുന്നത് കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലാണ് .പദ്ധതിയുടെ ഉദ്ഘാടനം പന്നിക്കോട് ശ്രീ കൃഷ്ണപുരം ശ്രീ കൃഷ്ണ ക്ഷേത്ര പരിസരത്ത് ലിൻേറാ ജോസഫ് എംഎൽഎ നിർവ്വഹിച്ചു. ചെടികളും ഫലവൃക്ഷങ്ങളും നട്ടുപിടിപ്പിക്കുന്നതിനൊപ്പം അത് പരിപാലിക്കുന്നതിലും ശ്രദ്ധ വേണമെന്ന് എംഎൽഎ പറഞ്ഞു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലുലത്ത് അധ്യക്ഷയായി.
ഹരിത കേരള മിഷൻ്റെ പച്ചതുരുത്ത് പദ്ധതിയുമായി ചേർന്ന് നടപ്പാക്കുന്നതാണ് ദേവ ഹരിതം പദ്ധതി.
പരമ്പരാഗതമായ ക്ഷേത്രങ്ങളിലെ കാവുകൾ പുനരുജ്ജീവിപ്പിക്കുക, ഉത്സവസമയത്തേക്കാവശ്യമായ പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, കിഴങ്ങ് വർഗങ്ങൾ എന്നിവ ഉൽപ്പാദിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് നഴ്സറിയിൽ സ്വയം ഉൽപ്പാദിപ്പിച്ച ഔഷധസസ്യങ്ങളും ഫലവൃക്ഷതൈകളും, സോഷ്യൽ ഫോറസ്ട്രി ഡിപ്പാർട്ട്മെൻ്റ്, കൃഷി വകുപ്പ് എന്നിവർ നൽകുന്ന തൈകളും ഉൾപ്പെടെ ഏഴായിരത്തോളം തൈകൾ വെച്ച് പിടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
ഹരിത കേരള മിഷൻ ജില്ല കോ ഓഡിനേറ്റർ പി. പ്രകാശ് പദ്ധതി വിശദീകരിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷിഹാബ് മാട്ടു മുറി,
സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷരായ ദിവ്യ ഷിബു, എം.ടി റിയാസ്,
ആയിഷ ചേലപ്പുറത്ത്, ജില്ല പഞ്ചായത്തംഗം നാസർ എസ്റ്റേറ്റ്മുക്ക് മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.