പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികം ആഘോഷിച്ചു. ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ, വ്യാപാരി വ്യവസായികൾ, പൊതുജനങ്ങൾ, എസ്.പി.സി കേഡറ്റുകൾ തുടങ്ങിയവർ അണിനിരന്ന വർണ്ണാഭമായ ഘോഷയാത്രക്ക് ശേഷം നടന്ന സാംസ്കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ബാലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ബഷീർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അബ്ദുൾ റഹിമാൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജ കൃഷ്ണ, ബ്ലോക്ക് മെമ്പർ അസ്മ, ഗ്രാമപഞ്ചായത്ത് മെമ്പർമാർ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. എഴുപത്തിയഞ്ചാം വാർഷികത്തിൻ്റെ ഭാഗമായി ഗ്രാമ പഞ്ചായത്തിലെ വിവിധ മേഖലകളിലെ 75 പ്രതിഭകളെ ആദരിച്ചു. തുടർന്ന് പഞ്ചായത്തിലെ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെ വിജയോത്സവം എന്നതിൽ അഭിനന്ദിക്കുകയും ചെയ്തു. 76 ടീമുകൾ മാറ്റുരച്ച ഭാരതീയം മെഗാ ക്വിസിൽ ആദ്യ ഘട്ടത്തിൽ നിന്നും ഫൈനൽ റൗണ്ടിലെത്തിയ 20 ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് ഫൈനൽ റൗണ്ട് നടത്തി. തുടർന്ന് കലാസന്ധ്യ അരങ്ങേറി. പ്രാദേശിക കലാകാരന്മാർ നയിച്ച കലാമേളയും പടിഞ്ഞാറത്തറ നിർഝരി നാട്യ കലാ കേന്ദ്രം അവതരിപ്പിച്ച നൃത്ത വിരുന്നും വയലേല വയനാടിൻ്റെ കാവൂട്ട് നാട്ടു പാട്ടും നാട്ടുകാർക്കും പൊതുജനങ്ങൾക്കും നവ്യാനുഭവമായി.