വോട്ടര്‍ പട്ടിക പുതുക്കുന്നതിനാവശ്യമായ പ്രാരംഭ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി കലക്ട്രേറ്റില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടേയും യോഗം ചേര്‍ന്നു.

ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡിയുടേയും ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ കെ. ഹിമയുടേയും നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ വോട്ടര്‍ പട്ടിക പുതുക്കല്‍, അപേക്ഷാ സമര്‍പ്പണരീതി, മാര്‍ഗനിര്‍ദ്ദേശങ്ങള്‍, ആധാര്‍ നമ്പര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കല്‍ എന്നിവ സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിച്ചു. മികച്ച നടത്തിപ്പിനായി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ പൂര്‍ണ്ണപിന്തുണ ആവശ്യമാണെന്ന് ഡെപ്യുട്ടി കലക്ടര്‍ പറഞ്ഞു.

നിലവില്‍ വോട്ടര്‍ പട്ടികയില്‍ പേരുള്ള ഒരു സമ്മതിദായകന് ആധാര്‍ നമ്പര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കാം. ഒരേ ആളിന്റെ പേരുതന്നെ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ ഒന്നില്‍ കൂടുതല്‍ തവണ ഉണ്ടെങ്കിലോ അല്ലെങ്കില്‍ ഇതേ ആളിന്റെ പേര് മറ്റൊരു മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നു തിരിച്ചറിയാനും വോട്ടര്‍മാരുടെ ഐഡന്റിറ്റി സ്ഥാപിക്കുന്നതിനും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിവരണങ്ങള്‍ ആധികാരികമാക്കുന്നതിനും വേണ്ടിയാണ് നിലവിലുള്ള വോട്ടര്‍മാരില്‍നിന്ന് സ്വമേധയാ ആധാര്‍ നമ്പര്‍ ശേഖരിക്കുന്നതെന്ന് ഡെപ്യുട്ടി കലക്ടര്‍ പറഞ്ഞു.

രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ കെ.കെ മുഹമ്മദ്(സിപിഐഎം), പി.എം അബ്ദുറഹിമാന്‍(ഐഎന്‍സി), കെ.മൊയ്ദീന്‍ കോയ(ഐയുഎംഎല്‍), കെ.ബീരാന്‍കുട്ടി(ജെഡിഎസ്), തഹസില്‍ദാര്‍മാര്‍, മറ്റു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.