ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം; നിയോജകമണ്ഡലതല
അവലോകന യോഗവും ശില്‍പശാലയും
വൈപ്പിന്‍ നിയോജക മണ്ഡലത്തില്‍ മൂല്യവര്‍ധിത ഉത്പന്ന മേഖലയിലും ടൂറിസം മേഖലയിലും വലിയ സാധ്യതകളാണുള്ളത് എന്ന് കെ.എന്‍ ഉണ്ണികൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയുടെ വൈപ്പിന്‍ നിയോജകമണ്ഡലതല അവലോകന യോഗവും ശില്‍പശാലയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംരംഭ മേഖലയില്‍ വൈപ്പിന്‍ മണ്ഡലത്തില്‍ വിപുലമായ സാധ്യതകളാണുള്ളത്. മത്സ്യവിഭവങ്ങളുടെയും കാര്‍ഷിക വിഭവങ്ങളുടെയും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ മികച്ച അവസരമാണ്. തീരദേശ മേഖല എന്ന നിലയില്‍ ടൂറിസം മേഖലയിലും വൈപ്പിനില്‍ നിരവധി സംരംഭ സാധ്യതകളുണ്ട്. പുതിയ തലമുറയില്‍പെട്ട നിരവധിയാളുകള്‍ സംരംഭത്തിലേക്കു കടന്നുവരാന്‍ താത്പര്യമുള്ളവരാണ്. അവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാന്‍ നമുക്കു കഴിയണം. സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം പുത്തന്‍ സമീപനമാണ് ഇതുമായി ബന്ധപ്പട്ടുള്ളത്. സംരംഭകരെ പരമാവധി സഹായിക്കുക എന്നതാണു സര്‍ക്കാര്‍ നയം. അതിനായി പല നിയമഭേദഗതികളും ഇതിനകം കൊണ്ടുവന്നു. ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങളുമായി ബന്ധപ്പെട്ട് വൈപ്പിന്‍ മണ്ഡലത്തിലെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്നും എംഎല്‍എ പറഞ്ഞു.
എറണാകുളം ജില്ലയിലെ ആദ്യത്തെ നിയോജക മണ്ഡലതല അവലോകന യോഗമായിരുന്നു വൈപ്പിനിലേത്. വൈപ്പിനില്‍ 8 പഞ്ചായത്തുകളിലായി ആകെ 968 സംരംഭങ്ങളാണു തുടങ്ങാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്. അതില്‍ 312 സംരംഭങ്ങള്‍ ഇതിനോടകം ആരംഭിച്ചു. ഇതുവഴി 641 തൊഴിലവസരങ്ങളാണു സൃഷ്ടിക്കപ്പെട്ടത്. ആകെ 1031.46 ലക്ഷം രൂപയുടെ നിക്ഷേപമാണ് ഈ സംരംഭങ്ങള്‍ വഴി ഉണ്ടായത്.
എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമന്‍ അധ്യക്ഷത വഹിച്ചു. ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസാ മാനുവല്‍ വിശിഷ്ടാതിഥിയായി. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എ നജീബ് മുഖ്യ പ്രഭാഷണം നടത്തി. വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ സാജിത്ത്, എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാഗ്, മുളവുകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ് അക്ബര്‍, മുളവുകാട് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ പി.ആര്‍ ജോണ്‍, കൊച്ചി ഉപജില്ലാ വ്യവസായ ഓഫീസര്‍ പി. സതീശ് കുമാര്‍, കണയന്നൂര്‍ ഉപജില്ലാ വ്യവസായ ഓഫീസര്‍ പി. നിമിത, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍, ബാങ്ക് പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.