ലോക നാട്ടറിവുദിനാഘോഷത്തിന്റെ ഭാഗമായി തില്ലങ്കേരി പെരിങ്ങാനം ഗവ. എല്‍ പി സ്‌കൂളില്‍ കര്‍ക്കിടക മധുരം ഒരുക്കി ഗ്രാമീണ കൂട്ടായ്മ. രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്നാണ് ‘പെരിങ്ങാന തനിമ’ എന്ന പേരില്‍ പഴമയെ പുതു തലമുറക്ക് പരിചയപ്പെടുത്തിയത്.
പഴയ കാലത്തെ വീട്ടുപകരണങ്ങളായ ഉരലും ഉലക്കയും ചിരവയും വറചട്ടിയും ചട്ടുകവും ഉപയോഗിച്ച് അമ്മമാര്‍ സ്‌കൂള്‍ മുറ്റത്ത് ഉണ്ടാക്കിയ കര്‍ക്കിടക വിഭവങ്ങള്‍ കുട്ടികള്‍ക്ക് പുത്തന്‍ അനുഭവമായി.

കേരളത്തിലെ പഴമക്കാരുടെ ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായിരുന്ന കര്‍ക്കിടകത്തിലെ ഇലക്കറികളും പച്ചമരുന്ന് വേവിച്ചതും കര്‍ക്കിടക കഞ്ഞിയുമൊക്കെ അവരില്‍ കൗതുകമുണര്‍ത്തി. പെരിങ്ങാനം പ്രദേശത്ത് ഇന്നും തുടരുന്ന കര്‍ക്കിടക മധുര നിര്‍മാണവും പഴമക്കാരുടെ അനുഭവങ്ങളുമാണ് കുട്ടികളുമായി പങ്കുവെച്ചത്. കര്‍ഷകയായ ചീരൂട്ടിയമ്മയുടെ നേതൃത്വത്തില്‍ പാടിയ നാട്ടിപ്പാട്ട് പരിപാടിയുടെ മാറ്റുകൂട്ടി.

ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ ഡോ. കൊടക്കാട് നാരായണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് എന്‍ രൂപേഷ് അധ്യക്ഷനായി. തില്ലങ്കേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി, പ്രധാനധ്യാപകന്‍ വി വി രവീന്ദ്രന്‍, വി വിമല, പി കെ രതീഷ്, പി കെ ശ്രീധരന്‍, കെ മിനി, എം കെ രഘുനാഥന്‍, എം പ്രജീഷ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.