തവിഞ്ഞാലില്‍ സംഘടിപ്പിച്ച എ.ബി.സി.ഡി ക്യാമ്പിലൂടെ സ്വന്തമായി റേഷന്‍ കാര്‍ഡ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് തവിഞ്ഞാല്‍ 46ാം മൈല്‍ ഗോദാവരി കോളനിയിലെ ശ്രുതിഷയും ഭര്‍ത്താവ് ദേവനും. അച്ഛന്റെയും അമ്മയുടെയും കൂടെ കൂട്ടു കുടുംബമായി താമസിച്ചിരുന്ന ദേവനും കുടുംബവും അടുത്ത കാലത്താണ് ഗോദാവരി കോളനിയിലേക്ക് മാറി താമസിച്ചത്. സ്വന്തമായി റേഷന്‍ കാര്‍ഡ് ലഭിക്കുവാന്‍ ട്രൈബല്‍ പ്രമോട്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് ദേവനും കുടുംബവും ക്യാമ്പിലെത്തിയത്. അതിരാവിലെ തന്നെ ക്യാമ്പില്‍ എത്തിയ ദേവനും കുടുംബവും റേഷന്‍ കാര്‍ഡ് ലഭിക്കുന്നതിന് വേണ്ടിയുള്ള പ്രാരംഭ നടപടികള്‍ പൂര്‍ത്തിയാക്കി സബ് കളക്ടറുടെ കൈയ്യില്‍ നിന്നും റേഷന്‍ കാര്‍ഡ് സ്വന്തമാക്കി. ക്യാമ്പിലെ ആദ്യ റേഷന്‍ കാര്‍ഡ് ലഭിച്ചതും ഇവര്‍ക്കായിരുന്നു.
