ജില്ലയിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം കായിക മേഖലയിലും മികവു തെളിയിക്കുന്നതിന് ജില്ലാ കളക്ടര്‍ എ. ഗീതയുടെ വക 25 കാല്‍പ്പന്തുകള്‍ സമ്മാനം. വയനാട് ജില്ലയില്‍ അഞ്ച് എം.ആര്‍.എസുകളില്‍ ഓരോന്നിനും അഞ്ച് വീതം പന്തുകളാണ് നല്‍കുക. പതിവു സന്ദര്‍ശന വേളകളില്‍ വിവിധ എം.ആര്‍.എസുകളിലെ വിദ്യാര്‍ഥികള്‍ കളക്ടറോട് പന്തുകള്‍ ആവശ്യപ്പെട്ടിരുന്നു. പട്ടികവര്‍ഗ വിഭാഗം വിദ്യാര്‍ഥികളാണ് പ്രധാനമായും എം.ആര്‍.എസുകളില്‍ പഠിക്കുന്നത്. ഏറ്റവുമൊടുവില്‍ കഴിഞ്ഞ ദിവസം നല്ലൂര്‍നാട് എം.ആര്‍.എസ്. സന്ദര്‍ശന വേലളയിലും കുട്ടികള്‍ കളക്ടറോട് ഫുട്‌ബോളുകള്‍ വേണമെന്ന് ആവശ്യപ്പെട്ടു.

ഇതേ തുടര്‍ന്നാണ് കളക്ടര്‍ മുന്‍കയ്യെടുത്ത് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ സഹകരണത്തോടെ പന്തുകള്‍ സംഘടിപ്പിച്ചത്. ചേംബറില്‍ നടന്ന ചടങ്ങില്‍ ഡി.ടി.പി.സി സെക്രട്ടറി കെ.ജി അജേഷില്‍ നിന്ന് ജില്ലാ കളക്ടര്‍ 25 പന്തുകള്‍ ഏറ്റുവാങ്ങി. ഇവ ഉടന്‍ എം.ആര്‍.എസുകള്‍ക്ക് കൈമാറും. എ.ഡി.എം എന്‍.ഐ ഷാജു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ്, ഹുസൂര്‍ശിരസ്തദാര്‍ ടി.പി അബ്ദുല്‍ഹാരിസ് തുടങ്ങിയവര്‍ പങ്കെടുത്തു.