ഉദ്ഘാടനചിത്രം മരിയു പോളിസ് 2

പതിനാലാമത്‌ രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളക്ക് നാളെ (വെള്ളി) തുടക്കമാകും.ആറുദിവസം നീണ്ടു നിൽക്കുന്ന മേള മുഖ്യമന്ത്രി പിണറായി വിജയൻ  ഉദ്ഘാടനം ചെയ്യും.കൈരളി തിയേറ്ററിൽ വൈകിട്ട് ആറിന് നടക്കുന്ന ചടങ്ങിൽ സാംസ്‌കാരിക മന്ത്രി വി എൻ വാസവൻ അധ്യക്ഷനാകും.ഫെസ്റ്റിവൽ കാറ്റലോഗ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഗതാഗത മന്ത്രി ആന്റണിരാജുവിനും ,ഫെസ്റ്റിവൽ ബുള്ളറ്റിൻ  ഭക്ഷ്യ മന്ത്രി ജി.ആർ.അനിൽ മേയർ ആര്യാ രാജേന്ദ്രനും നൽകി പ്രകാശിപ്പിക്കും. സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ഐ എ എസ്‌,കെ എസ്‌ എഫ്‌ ഡി സി ചെയർമാൻ ഷാജി എൻ കരുൺ ,സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ,ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത് ,വൈസ് ചെയർമാൻ പ്രേംകുമാർ ,സെക്രട്ടറി സി അജോയ് എന്നിവർ പങ്കെടുക്കും.

തുടർന്ന് ഉദ്ഘാടന ചിത്രമായ മരിയു പോളിസ് 2 പ്രദർശിപ്പിക്കും.ഉക്രൈൻ യുദ്ധത്തിന്റെ സംഘർഷ ഭരിതമായ കാഴ്ചകളും യുദ്ധം സൃഷ്ടിക്കുന്ന മാനവിക പ്രതിസന്ധിയും പ്രമേയമാക്കിയ ഈ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് സംവിധയകനായ മൻതാസ് ക്വൊദാരാ വിഷ്യസിനെ റഷ്യൻ സൈന്യം  വധിച്ചത് .ലിത്വാനിയ, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമായ ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രത്യേക പ്രദർശനം നടത്തിയിരുന്നു.

കൈരളി ,ശ്രീ ,നിള തിയേറ്ററുകളിലാണ് മേള നടക്കുന്നത്.വിവിധ രാജ്യാന്തര മല്സര വേദികളിൽ  പ്രദർശിപ്പിച്ച 19 ചിത്രങ്ങൾ ഉൾപ്പടെ 261 സിനിമകൾ വെള്ളിയാഴ്ച ആരംഭിക്കുന്ന മേളയിൽ പ്രദർശിപ്പിക്കും. ലോങ്ങ് ഡോക്യുമെന്ററി, ഷോർട്ട് ഡോക്യുമെന്ററി, അന്താരാഷ്ട്ര ഷോർട്ട് ഫിക്ഷൻ, ക്യാമ്പസ് ഫിലിംസ് ,മത്സരേതര മലയാളം വിഭാഗം, ഹോമേജ് ,അനിമേഷൻ, മ്യൂസിക് വീഡിയോ തുടങ്ങി 12 വിഭാഗങ്ങളിലായാണ് മേളയിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്‌.