• പയ്യോളി നഗരസഭയിലെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അജൈവ പാഴ് വസ്തുക്കൾ ശേഖരിച്ച് തരംതിരിച്ച് സംസ്കരണ കേന്ദ്രങ്ങളിലേക്ക് കൈമാറുന്ന ഹരിതകർമ്മ സേനയുടെ പ്രവർത്തനങ്ങൾ ഇനി ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക്. കെൽട്രോൺ രൂപകല്പന ചെയ്ത ഹരിതമിത്രം സ്മാർട്ട് ഗാർബേജ് സിസ്റ്റത്തിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. നഗരസഭയിലെ സ്മാർട്ട് ഗാർബേജ് സിസ്റ്റത്തിൻ്റെയും ഡിജിറ്റൽ വിവരശേഖരണത്തിൻ്റെയും ഉദ്ഘാടനം നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് നിർവ്വഹിച്ചു.ന​ഗരസഭയിലെ എല്ലാ ഡിവിഷനുകളിലെയും വീടുകളിലും സ്ഥാപനങ്ങളിലും സർവ്വെ നടത്തി വിവരം ശേഖരിച്ച് ക്യൂആർ കോഡ് പതിക്കും. പിന്നീട് ഒരോ മാസവും വീട്ടിലെത്തുന്ന ഹരിത കർമ്മ സേന ക്യൂആർ കോഡ് സ്കാൻ ചെയ്ത്  അജൈവ പാഴ് വസ്തു ശേഖരണവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തും. ഹരിതമിത്രം സ്മാർട്ട് ഗാർബേജ് സിസ്റ്റം പ്രാവർത്തികമായതോടെ  ഹരിത കർമ്മ സേനയുടെ പ്രവർത്തനം ഒരു ആപ്പിലൂടെ വിവരങ്ങൾ ശേഖരിക്കുന്ന തരത്തിലേക്ക് മാറി. ഇതിലൂടെ സർക്കാർ തലത്തിലും നഗരസഭ തലത്തിലും കൃത്യമായ നിരീക്ഷണ സംവിധാനം സാധ്യമാവും. ന​ഗരസഭയിലെ മുഴുവൻ ഹരിത കർമ്മ സേനാംഗങ്ങളും സ്മാർട്ട് ഗാർബേജ് സിസ്റ്റത്തിൻ്റെ പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്.

    ചടങ്ങിൽ വൈസ് ചെയർപേഴ്സൺ സി.പി ഫാത്തിമ അധ്യക്ഷത വഹിച്ചു. സബീഷ് കുന്നങ്ങോത്ത്, എൻ.സി മുസ്തഫ, ബാബു ഇരിങ്ങൽ, പി.എം.റിയാസ്, കെ.പി.ഗിരീഷ്, പ്രജിത് ലാൽ, സി.ഡി.എസ് ചെയർപേഴ്സൺ പി.പി.രമ്യ, സ്മാർട്ട് ഗാർബേജ് സിസ്റ്റം ജില്ലാ കോ-ഓർഡിനേറ്റർ ബി.വൈശാഖ്, നഗരസഭ പ്രൊജക്ട് അസിസ്റ്റൻറ് നിധിൻ രാജ് എന്നിവർ സംസാരിച്ചു. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ വി.കെ അബ്ദുറഹിമാൻ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ ടി.ചന്ദ്രൻ നന്ദിയും പറഞ്ഞു. എല്ലാ സ്ഥിരം സമിതി അധ്യക്ഷൻമാരും, കൗൺസിലർമാരും, ഉദ്യോഗസ്ഥരും, ഹരിത കർമ്മ സേനാംഗങ്ങളും, കുടുംബശ്രീ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.