കോഴിക്കോട് ജില്ലയിൽ ഇതുവരെ ആധാർ കാർഡ് വോട്ടർപട്ടികയുമായി ബന്ധിപ്പിച്ചത് 4,915 പേർ. വോട്ടര്‍ പട്ടികയില്‍ പേരുള്ള സമ്മതിദായകന് സിവിൽ സ്റ്റേഷനിലെ കലക്ട്രേറ്റ് ഹെല്പ് ഡെസ്ക് ഉൾപ്പടെ നാല് മാര്‍ഗങ്ങളിലൂടെ ആധാർ കാർഡ് വോട്ടർപട്ടികയുമായി ബന്ധിപ്പിക്കാം. എല്ലാ പ്രവർത്തി ദിവസങ്ങളിലും കലക്ട്രേറ്റിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കും. കൊയിലാണ്ടി, താമരശ്ശേരി, വടകര, കോഴിക്കോട് താലൂക്കിലെ ഇലക്ഷൻ വിഭാഗത്തിലും ഹെല്പ് ഡെസ്ക്കുകൾ സജ്ജമാക്കിയിട്ടുണ്ട്.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റ www.nvsp.in എന്ന വെബ് സൈറ്റ്, വോട്ടര്‍ ഹെല്‍പ് ലൈന്‍ മൊബൈല്‍ ആപ്പ് (വോട്ടർ ഹെൽപ്‌ലൈൻ എ. പി.പി-വി. എച്ച്. എ), https://voterportal.eci.gov.in/ എന്ന വോട്ടര്‍ പോര്‍ട്ടല്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചും ബൂത്ത് ലെവല്‍ ഓഫീസര്‍ മുഖേന ഫോം ആറ് ബിയില്‍ സമര്‍പ്പിച്ചും ആധാര്‍ നമ്പര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കാം. പുതുതായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നവര്‍ ഫോം ആറിലെ ബന്ധപ്പെട്ട കോളത്തില്‍ ആധാര്‍ നമ്പര്‍ രേഖപ്പെടുത്തിയാല്‍ മതി. പട്ടിക പുതുക്കലിന്റെയും ബന്ധിപ്പിക്കലിന്റെയും ഭാഗമായി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (ബി.എല്‍.ഒ) ദിവസവും പത്തു വീടുകള്‍ സന്ദര്‍ശിക്കും.

നവംബര്‍ ഒന്‍പതിന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. നവംബര്‍ ഒന്‍പത് മുതല്‍ ഡിസംബര്‍ എട്ടുവരെ തിരുത്തലുകള്‍ വരുത്താനും ആക്ഷേപങ്ങള്‍ നല്‍കാനും അവസരമുണ്ട്. 2023 ജനുവരി ഒന്ന് യോഗ്യത തീയതിയായുള്ള അന്തിമ വോട്ടര്‍ പട്ടിക ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കും.

വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പ് വഴി വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കുന്നത് ഇങ്ങനെ

-https://play.google.com/store/apps/details?id=com.eci.citizen&hl=en എന്ന ലിങ്ക് ഉപയോഗിച്ച് വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പ് നിങ്ങളുടെ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യണം.

-വോട്ടര്‍ രജിസ്ട്രേഷന്‍ (വോട്ടർ രജിസ്ട്രേഷൻ ) എന്ന ഓപ്ഷനില്‍ അമര്‍ത്തുക. തുടര്‍ന്ന് ഏറ്റവും അവസാന ഓപ്ഷന്‍ ആയ ഇലക്ട്രല്‍ ഒതന്റിക്കേഷന്‍ (ഇലക്ടറൽ ഒതന്റിക്കേഷൻ – ഫോം 6ബി ) എന്നതില്‍ അമര്‍ത്തുക. ലെറ്റ്സ്‌ സ്റ്റാർട്ട്‌
എന്ന ഓപ്ഷന്‍ അമര്‍ത്തുക.
-ഒറ്റത്തവണ പാസ്‌വേര്‍ഡ് (ഒ ടി പി ) ലഭിക്കുന്നതിനായി മൊബൈല്‍ നമ്പര്‍ ടൈപ്പ് ചെയ്യുക, ശേഷം ഒ. ടി. പി നല്‍കി വെരിഫൈ എന്ന ഓപ്ഷന്‍ അമര്‍ത്തുക.
– യെസ്, ഐ ഹാവ് വോട്ടർ ഐഡി കാർഡ് നമ്പർ എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത് നെക്സ്റ്റ് അമര്‍ത്തുക.
-വോട്ടര്‍ ഐഡി കാര്‍ഡ് നമ്പറും സംസ്ഥാനവും നല്‍കി ഫെച്ച് ഡീറ്റെയിൽസ് എന്ന ഓപ്ഷനില്‍ അമര്‍ത്തുക.
– ആധാര്‍ നമ്പറും ഫോണ്‍ നമ്പറും നല്‍കി പ്രൊസീഡ് എന്ന ഓപ്ഷനില്‍ അമര്‍ത്തുക.
– വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പാക്കി കൺഫേം അമര്‍ത്തുക.
– തുടര്‍ന്ന് സ്‌ക്രീനില്‍ തെളിയുന്ന റഫറന്‍സ് ഐഡി സൂക്ഷിച്ച് വയ്ക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.eci.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം.