ഓണക്കാലത്ത് പൊതുവിപണിയിലെ വിലക്കയറ്റവും പൂഴ്ത്തി വെയ്പ്പും തടയുന്നതിനായി താലൂക്ക് സപ്ലൈ ഓഫീസുകളുടെ നേതൃത്വത്തില്‍ ജില്ലയില്‍ പരിശോധന തുടങ്ങി. അമ്പലവയലില്‍ നടന്ന പരിശോധനയില്‍ വിലവിവരം പ്രദര്‍ശിപ്പിക്കാതെ വ്യാപാരം ചെയ്ത മൂന്ന് ക്രമക്കേടുകള്‍ കണ്ടെത്തി. പച്ചക്കറി കട, ചിക്കന്‍ സ്റ്റാള്‍, ഫിഷ് സ്റ്റാള്‍, ഗ്രോസറി ഷോപ്പ്, ഹോട്ടല്‍ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. സുല്‍ത്താന്‍ ബത്തേരി താലൂക്ക് സപ്ലൈ ഓഫീസര്‍ കെ.ജി അജയന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ ഒ.ജി സനോജ്, നയന പുരുഷോത്തമന്‍ എന്നിവരും പങ്കെടുത്തു. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.