വൈത്തിരി താലൂക്കില്‍ നിന്നും 2021-22 വര്‍ഷത്തെ അയ്യങ്കാളി സ്‌കോളര്‍ഷിപ്പിന് തെരഞ്ഞെടുക്കപ്പെട്ട പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും കൈനാട്ടി അമൃദ് ഓഡിറ്റോറിയത്തില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു. ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫിസര്‍ ഇ.ആര്‍. സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഓരോ അധ്യയന വര്‍ഷവും നാലാം ക്ലാസില്‍ പഠിക്കുന്ന പട്ടികവര്‍ഗ്ഗ വിഭാക്കാരായ വിദ്യാര്‍ത്ഥികളില്‍ നിന്നും എഴുത്ത് പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന 20 കുട്ടികള്‍ക്ക് അഞ്ചാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ പഠനോപകരണങ്ങള്‍, യൂണിഫോം എന്നിവ വാങ്ങുന്നതിനും, പ്രത്യേക ട്യൂഷന്‍ നല്‍കുന്നതിനും സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിയാണ് അയ്യങ്കാളി സ്‌കോളര്‍ഷിപ്പ് പദ്ധതി.

സെമിനാറില്‍ 2001-2002 വര്‍ഷം അയ്യങ്കാളി സ്‌കോളര്‍ഷിപ്പിന് അര്‍ഹനാവുകയും 2022-ല്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ നിന്നും ഫോട്ടോണിക്സില്‍ ഡോക്ടറേറ്റ് നേടുകയും ചെയ്ത കെ.ആര്‍. വിജേഷിനെ ആദരിച്ചു. കരിങ്കുറ്റി കാവുമൂട്ടില്‍ രാമചന്ദ്രന്റെയും രാധയുടേയും മകനാണ് വിജേഷ്. അമൃദ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ സി. ശിവശങ്കരന്‍, അസി. പ്രോജക്ട് ഓഫിസര്‍ കെ.കെ. മോഹന്‍ദാസ്, കണിയാമ്പറ്റ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ.എന്‍ സുനില്‍, സൈറ്റ് മാനേജര്‍ പി.എസ്. ശ്രീനാഥ് തുടങ്ങിയവര്‍ സംസാരിച്ചു.