കോട്ടയം ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും കോട്ടയം നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷം ‘ചിങ്ങനിലാവ് 2022’ സെപ്റ്റംബർ ആറുമുതൽ പത്തുവരെ. സെപ്റ്റംബർ ആറിന് വൈകിട്ട് അഞ്ചുമണിക്ക് തിരുനക്കര മൈതാനത്ത് സഹകരണ-സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഓണഘോഷപരിപാടി ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷനായിരിക്കും. ജോസ് കെ. മാണി എം.പി. ഓണസന്ദേശം നൽകും. തോമസ് ചാഴികാടൻ എം.പി, സർക്കാർ ചീഫ് വിപ് ഡോ. എൻ. ജയരാജ്, എം.എൽ.എമാരായ ഉമ്മൻചാണ്ടി, സി.കെ. ആശ, അഡ്വ. സെബാസ്റ്റിയൻ കുളത്തുങ്കൽ, അഡ്വ. ജോബ് മൈക്കിൾ, മാണി സി. കാപ്പൻ, അഡ്വ. മോൻസ് ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റിയൻ, ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്, സബ് കളക്ടർ രാജീവ് കുമാർ ചൗധരി, നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. ഷീജ അനിൽ, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജി. ശ്രീകുമാർ, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സെക്രട്ടറി റോബിൻ സി. കോശി എന്നിവർ പ്രസംഗിക്കും. ഓണാഘോഷപരിപാടികളുടെ ഭാഗമായി പഞ്ചവാദ്യം, മഹാബലി മത്സരം, ഓട്ടൻതുള്ളൽ, ഗാനമേള, നാടൻപാട്ട്, നാടകം എന്നിവയുണ്ടാകും.
ഉദ്ഘാടനസമ്മേളനത്തിനുശേഷം ഉത്തരവാദിത്ത ടൂറിസം മിഷൻ അവതരിപ്പിക്കുന്ന തിരുവാതിരകളി. ആറുമണിക്ക് ഫ്‌ളവേഴ്‌സ് ചാനൽ ടോപ്‌സിംഗർ ജേതാവ് സീതാലക്ഷ്മി നയിക്കുന്ന ഗാനമേള, ഏഴുമണിക്ക് മഹാബലി മത്സരം എന്നിവയുണ്ടാകും.
സെപ്റ്റംബർ ഏഴിന് വൈകിട്ട് നാലുമുതൽ ജില്ലയിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന പരിപാടികൾ. അഞ്ചുമണിക്ക് മഴവിൽ മെലഡീസ് കോട്ടയത്തിന്റെ ഗാനമേള. ഏഴിന് വൈക്കം മാളവികയുടെ നാടകം ‘മഞ്ഞു പെയ്യുന്ന മനസ്’.
സെപ്റ്റംബർ എട്ടിന് വൈകിട്ട് നാലുമുതൽ ജില്ലയിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന പരിപാടികൾ. അഞ്ചിന് കോട്ടയം നവയുഗ് ചിൽഡ്രൻസ് തിയറ്റർ അവതരിപ്പിക്കുന്ന നാടകം ‘അവനവൻ കടമ്പ’. 6.30 മുതൽ പിന്നണി ഗായിക ദുർഗാ വിശ്വനാഥ് അവതരിപ്പിക്കുന്ന ഗാനമേള.
സെപ്റ്റംബർ ഒൻപതിന് എക്‌സൈസ് വകുപ്പിന്റെ മ്യൂസിക് ഫ്യൂഷനും ഗാനമേളയും. ആറുമണിക്ക് പാലാ കെ.ആർ. മണിയുടെ ഓട്ടൻതുള്ളൽ. ഏഴിന് ‘ടീം ടെൻ ഓ ക്‌ളോക്ക്’ കോട്ടയം അവതരിപ്പിക്കുന്ന നാടൻ പാട്ട്.
സെപ്റ്റംബർ 10 വൈകിട്ട് അഞ്ചുമണി മുതൽ പോലീസ് അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ.