ഓണത്തോടനുബന്ധിച്ച് ഗുണനിലവാരം കുറഞ്ഞതോ മായം കലര്‍ന്നതോ ആയ പാല്‍ അതിര്‍ത്തി കടന്നെത്തുന്നത് തടയാന്‍ ക്ഷീര വികസന വകുപ്പിന്റെ താത്കാലിക പാല്‍ പരിശോധന കേന്ദ്രം വാളയാറില്‍ ആരംഭിച്ചു. സെപ്റ്റംബര്‍ മൂന്നു മുതല്‍ ഏഴു വരെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലബോറട്ടറിയുടെ ഉദ്ഘാടനം എ. പ്രഭാകരന്‍ എം.എല്‍.എ. നിര്‍വഹിച്ചു. പുതുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എന്‍. പ്രസീത അധ്യക്ഷയായി.

ഓണത്തോടനുബന്ധിച്ച് അന്യസംസഥാനങ്ങളില്‍ നിന്നും കൂടുതല്‍ പാല്‍ കേരളത്തിലേക്ക് എത്താന്‍ സാധ്യത ഉള്ളതിനാല്‍ ക്ഷീര വികസന വകുപ്പ് പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. സ്ഥിരം പാല്‍ പരിശോധന കേന്ദ്രമായ മീനാക്ഷിപുരത്തും പരിശോധനകള്‍ കൂടുതല്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. പാലിലെ കൊഴുപ്പ്, കൊഴുപ്പിതര ഖരപദാര്‍ത്ഥങ്ങള്‍ എന്നിവ നിഷ്‌കര്‍ഷിക്കപ്പെട്ട അളവില്‍ ഉണ്ടെന്നു ഉറപ്പുവരുത്തുന്നതിനുള്ള പരിശോധനകള്‍ ചെക്ക്‌പോസ്റ്റുകളില്‍ നടത്തും. മായം കലര്‍ത്തിയ പാലും പാല്‍ കേടുവരാതിരിക്കാന്‍ ന്യൂട്രലൈസര്‍, പ്രിസെര്‍വേറ്റീവ് എന്നിവ കലര്‍ത്തിയ പാലും കണ്ടെത്തുന്നതിനുള്ള പരിശോധനകളും ഇരു ലബോറട്ടറികളിലും സജ്ജീകരിച്ചിട്ടുണ്ട്.

പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥരാണ് വാളയാര്‍ പാല്‍ പരിശോധന ലാബില്‍ പരിശോധനകള്‍ക്ക് ഉണ്ടാവുക. മീനാക്ഷിപുരത്തുള്ള സ്ഥിരം ചെക്ക്‌പോസ്റ്റ് ലബോറട്ടറിയിലും പരിശോധനകള്‍ക്കായി കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. ഇതിനുപുറമെ സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന വകുപ്പിന്റെ ഗുണനിയന്ത്രണ ലാബില്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ആരംഭിച്ചിട്ടുണ്ട്. വിപണിയില്‍ നിന്നും പാല്‍ സാമ്പിളുകള്‍ ശേഖരിച്ച് ഇവിടെ പരിശോധനകള്‍ നടത്തും. ഇതിനുപുറമെ പാലിന്റെ ഗുണനിലവാരത്തില്‍ സംശയം തോന്നിയാല്‍ പൊതുജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ നേരിട്ടെത്തി പാല്‍ പരിശോധിക്കാമെന്ന് അധികൃതര്‍ അറിയിച്ചു.

പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. സുന്ദരി, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജെ.എസ്. ജയസുജീഷ്, ക്ഷീര വികസന വകുപ്പ് ജില്ലാ ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ ഫെമി വി. മാത്യു, അസിസ്റ്റന്റ് ഡയറക്ടര്‍ എന്‍. ബിന്ദു എന്നിവര്‍ പങ്കെടുത്തു.