ഇത്തവണത്തെ ഓണം വാരാഘോഷത്തിന്റെ ഭാഗമാകാനൊരുങ്ങി ടൂറിസം ക്ലബ്ബ് അംഗങ്ങളും. ജില്ലയിലെ 15 കോളേജുകളില്‍ നിന്നും തെരഞ്ഞെടുത്ത 200 അംഗങ്ങളാണ് ടൂറിസം ക്ലബ്ബിലുള്ളത്. ടൂറിസം കേന്ദ്രങ്ങളെ സാധാരണക്കാര്‍ക്ക് പരിചയപ്പെടുത്തുകയും അവിടം മാലിന്യമുക്തമാക്കി സംരക്ഷിക്കുകയും ചെയ്യുകയാണ് ടൂറിസം ക്ലബ്ബിന്റെ ലക്ഷ്യം. മനോഹരമായ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും കേരളത്തെ ആഗോള തലത്തില്‍ മികച്ച ടൂറിസം കേന്ദ്രമാക്കി അവതരിപ്പിക്കുകയും ചെയ്യുകയെന്നതും ക്ലബ്ബ് ലക്ഷ്യമിടുന്നുണ്ട്.
മാലിന്യ സംസ്‌ക്കരണം, ടൂറിസത്തിലെ നൈറ്റ് ലൈഫ്, വൈല്‍ഡ് ഫോട്ടോഗ്രഫി, സ്ത്രീ സുരക്ഷയും താമസ സൗകര്യവും എന്നീ വിഷയങ്ങളില്‍ ടൂറിസം വകുപ്പ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുമെന്ന് വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം ക്ലബ്ബ് അംഗങ്ങളുമായി മന്ത്രിയുടെ ആദ്യ കൂടിക്കാഴ്ച കനകക്കുന്നില്‍ നടന്നു. ടൂറിസം വകുപ്പ് ഡയറക്ടര്‍ പി.ബി നൂഹ്, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു