സംസ്ഥാന ടൂറിസം വകുപ്പും പാലക്കാട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായി സെപ്റ്റംബര്‍ ആറുമുതല്‍ 10 വരെ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികള്‍ പ്രൗഢഗംഭീരമായി. ജില്ലയിലെ ആറു വേദികളിലായി നടന്ന പരിപാടികള്‍ പ്രസന്നലക്ഷ്മി ഓഡിറ്റോറിയത്തില്‍ വി.കെ. ശ്രീകണ്ഠന്‍ എം.പി. ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അധ്യക്ഷയായി. പത്മശ്രീ കലാമണ്ഡലം ശിവന്‍ നമ്പൂതിരി, പത്മശ്രീ രാമചന്ദ്ര പുലവര്‍, കഥാകൃത്ത് മുണ്ടൂര്‍ സേതുമാധവന്‍, അസിസ്റ്റന്റ് കലക്ടര്‍ ഡി. രഞ്ജിത്ത്, ഡി.ടി.പി.സി. ഡെപ്യൂട്ടി കലക്ടര്‍ അനില്‍കുമാര്‍, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. സില്‍ബര്‍ട്ട് ജോസ്, ടി.ആര്‍. അജയന്‍ എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് അത്താലൂര്‍ ശിവദാസും സംഘവും അവതരിപ്പിച്ച പഞ്ചവാദ്യം, കൊച്ചിന്‍ കൈരളി കമ്മ്യൂണിക്കേഷന്‍സിന്റെ ഗാനമേള, സൂപ്പര്‍ മെഗാഷോ എന്നിവ അരങ്ങേറി. ഓണാഘോഷത്തിന്റെ ആദ്യ ദിനം വൈവിധ്യമാര്‍ന്ന കലാപരിപാടികളാണ് അരങ്ങേറിയത്. മലമ്പുഴ ഉദ്യാനത്തില്‍ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം അവതരിപ്പിച്ച ഓട്ടന്‍തുളളല്‍, എന്‍.ഡബ്ല്യു. ക്രിയേഷന്‍സിന്റെ പ്രത്യേക മെഗാഷോ എന്നിവയും നടന്നു. കാഞ്ഞിരപ്പുഴ ഡാം, വെള്ളിയാങ്കല്ല് പൈതൃക പാര്‍ക്ക്, പോത്തുണ്ടി ഉദ്യാനം, ശ്രീകൃഷ്ണപുരം ബാപ്പുജി ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്നിവിടങ്ങളിലും വിപുലമായ പരിപാടികള്‍ അരങ്ങേറി. സെപ്റ്റംബര്‍ ഒന്‍പതിന് തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

വര്‍ണാഭമായി ഉദ്യാനങ്ങളിലെ വൈദ്യുതാലങ്കാരം

മലമ്പുഴ ഉദ്യാനത്തിന്റെ പ്രവേശന കവാടം മുതല്‍ ഡാമിന്റെ മുകള്‍ഭാഗം വരെ ഒരുക്കിയ വൈദ്യുതാലങ്കാരം ഓണാഘോഷ പരിപാടികളുടെ മാറ്റ് കൂട്ടി. ഓരോ ഉദ്യാനവും പ്രത്യേകമായി എടുത്തു കാണിക്കുകയും ചെറിയ തോതില്‍ ഉയര്‍ത്തിയ നാല് ഷട്ടറുകളിലൂടെ ഒഴുകുന്ന വെള്ളം വിവിധ വര്‍ണങ്ങളാല്‍ പ്രശോഭിതമാകുകയും ചെയ്യുന്ന തരത്തിലാണ് ദീപങ്ങള്‍ ഒരുക്കിയത്. മൂന്നര ലക്ഷത്തോളം രൂപയാണ് വൈദ്യുതാലങ്കാരത്തിന്റെ ചെലവ്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ഇറിഗേഷന്‍ വിഭാഗവും ചേര്‍ന്നാണിത് സംഘടിപ്പിച്ചത്. മൂന്ന് പുല്‍ത്തകിടികള്‍ ഒന്നിച്ച് ചേര്‍ത്ത് ആയിരത്തി അഞ്ഞൂറോളം പേര്‍ക്കിരിക്കാവുന്ന ഹാളും പരിപാടികള്‍ കാണാനെത്തിയവര്‍ക്കായി ഉദ്യാനത്തില്‍ ഒരുക്കിയിരുന്നു. കാഞ്ഞിരപ്പുഴ, പോത്തുണ്ടി ഉദ്യാനങ്ങളിലും വൈദ്യുതാലങ്കാരം ഉണ്ടായിരുന്നു.