കുറ്റിച്ചിറയെ സംഗീതത്തിലലിയിച്ച് തേജ് മെർവിനും സംഘവും. തലമുറകൾ എത്ര മാറിയാലും എന്നും നിത്യ ഹരിതമായി നിലനിൽക്കുന്ന ഒരുപിടി നല്ല ഗാനങ്ങളാണ് സംഗീത സംവിധായകൻ മെർവിനും സംഘവും സദസ്സിന് സമ്മാനിച്ചത്. വിനോദസഞ്ചാരവകുപ്പും ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും സംയുക്തമായി സംഘടിപ്പിച്ച കോഴിക്കോടിന്റെ ഓണോത്സവത്തിന്റെ ഭാഗമായി കുറ്റിച്ചിറ ഓപ്പണ്‍ സ്റ്റേജ് വേദിയിലാണ് തേജ് മെർവിന്റെ നേതൃത്വത്തിൽ ഓൾഡ് ഈസ്‌ ഗോൾഡ് സംഗീതപരിപാടി അരങ്ങേറിയത്.

എഴുപതുകളിൽ പുറത്തിറങ്ങിയ ഇന്നും ആളുകൾ കേൾക്കാനിഷ്ടപ്പെടുന്ന വയലാറിന്റെ
“മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു മനുഷ്യനും മതങ്ങളും ദൈവങ്ങളുംകൂടി മണ്ണു പങ്കുവെച്ചു മനസ്സു പങ്കുവെച്ചു” എന്ന ഗാനത്തോടെയാണ് സംഗീതപരിപാടിക്ക് തുടക്കം കുറിച്ചത്. പഴയകാല ഗാനങ്ങള്‍ കോര്‍ത്തിണക്കികൊണ്ടുള്ള ഒരുപിടി ഗാനങ്ങളും സദസ്സിന് സമ്മാനിച്ചു.

കാട്ടിലെ പാഴ്മുളം തണ്ടിൽ നിന്നും, തളിരിട്ട കിനാക്കൾ തൻ, പ്രിയമുള്ളവളെ, പ്രാണസഖി ഞാൻ വെറുമൊരു, നീയല്ലാതാരുണ്ടെന്നുടെ, ചന്ദ്രികയിലലിയുന്നു, ഒരു പുഷ്പം മാത്രമെൻ തുടങ്ങിയ ഗാനങ്ങൾ നിറകൈയ്യടിയോടെയാണ് സദസ്സ് സ്വീകരിച്ചത്. യേ രേഷ്മീ, പൽ പൽ ദിൽകെ പാസ്സ്, മേരെ മിത്ത് വാ, കഹി ദൂർ ജബ് തുടങ്ങി ഹിന്ദി ഗാനങ്ങൾ പ്രേക്ഷകരെ ആസ്വാദനത്തിന്റെ നെറുകയിലെത്തിച്ചു.

നിധീഷ്, ആതിര, കൊയിലാണ്ടി യേശുദാസ്, മാത്തോട്ടം ഹുസ്മാൻ തുടങ്ങി സഹഗായകരുടെ പ്രകടനം സംഗീത നിശക്ക് മാറ്റുകൂട്ടി. താന്തോന്നി, പറയാന്‍ ബാക്കി വെച്ചത്, പ്രണയം, ബാംബൂ ബോയ്‌സ്, ചെറിയ കള്ളനും വലിയ പോലീസും തുടങ്ങി നിരവധി ചിത്രങ്ങളുടെ സംഗീത സംവിധാനം നിര്‍വ്വഹിച്ച വ്യക്തിയാണ് തേജ് മെര്‍വിന്‍.

വേദിയിൽ ഡോമിനിക് മാർട്ടിൻ, മധു തുടങ്ങിയവർ കീബോർഡിലും ആശിഷ് ഗിറ്റാറിലും സഞ്ജയ്‌ ബാസ് ഗിറ്റാറിലും രാമചന്ദ്രൻ ഫ്ലൂട്ടിലും രാജൻ റിഥം പാഡിലും സന്തോഷ്‌ തബലയിലും അകമ്പടിയൊരുക്കി.