സംഗീതം മാത്രമല്ല സ്നേഹവും കൂടുതലുള്ള നാട്ടുകാരാണ് കോഴിക്കോടുള്ളതെന്ന് പ്രശസ്ത ഗായിക മിൻമിനി. സംസ്ഥാന വിനോദ സഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ പ്രൊമോഷൻ കൗൺസിലും ചേർന്നൊരുക്കുന്ന ഓണോത്സവത്തിന്റെ സമാപന ദിവസം ഭട്ട് റോഡ് വേദിയിലായിരുന്നു പിന്നണി ഗായിക മിൻ മിനി കോഴിക്കോടിന്റെ സ്നേഹം പങ്ക് വെച്ചത്.

14 വയസ് മുതൽ കോഴിക്കോട് പാടാൻ അവസരം ലഭിച്ചിട്ടുണ്ടെന്നും മിൻമിനി പറഞ്ഞു. തന്റെ സൂപ്പർ ഹിറ്റ് ഗാനമായ വിയറ്റ്നാം കോളനിയിലെ “പാതിരാവായി നേരം ”
“വെള്ളി തിങ്കൾ ഉളളിനുണ്ണിൽ, ” ചിന്ന ചിന്ന ആശൈ ” തുടങ്ങിയ ഹിറ്റ് ഗാനങ്ങൾ മിൻമിനിയും സുനിൽ കുമാറും ഒന്നിച്ചാലപിച്ചു.

ഗായിക മേഘന ലാൽ പാടിയ മോഹ മുന്തിരി …. ഗായകൻ നൗഫൽ റഹ്മാന്റെ അറബി കടലോരം… സുനിൽ കുമാറിന്റെ ചെട്ടികുളങ്ങര ഭരണ നാളിൽ … തുടങ്ങിയ ഗാനങ്ങൾ സദസിനെ ആവേശം കൊള്ളിച്ചു. ഇടയ്ക്ക് ബാബുരാജിന്റെ ഗാനങ്ങൾ മിൻ മിനിയുടെയും സുനിൽ കുമാറിന്റെയും ശബ്ദത്തിൽ കേൾക്കണമെന്നായി സദസ് ” താമസമെന്തെ വരുവാൻ … ഒരു പുഷ്പം മാത്രം … തുടങ്ങിയ ഗാനങ്ങൾ നാല് വരികളിൽ കോർത്ത് ഇരുവരും പാടുമ്പോൾ സാഗരതീരവും സദസും എല്ലാം മറന്ന് ആസ്വദിക്കുന്നുണ്ടായിരുന്നു. വോയ്സ് ഓഫ് കാലിക്കറ്റ് -ന്റെ ബാനറിലായിരുന്നു ഗാന വിരുന്ന് .