കെ.എസ്.എഫ്.ഇ യുടെ പ്രവര്‍ത്തനവും സേവനവും ഗ്രാമീണ മേഖലയിലേക്ക് കൂടുതല്‍ വ്യാപിപ്പിക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കെ.എസ്.എഫ്.ഇ യുടെ കോഴിക്കോട് റൂറല്‍ റീജിയണല്‍ ഓഫീസും നവീകരിച്ച താമരശ്ശേരി ബ്രാഞ്ച് ഓഫീസും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഗ്രാമപ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് കെ.എസ്.എഫ്.ഇ യുടെ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കും. യുവാക്കളുടെ പുതിയ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍, വെഞ്ചര്‍ ക്യാപിറ്റല്‍ ഫണ്ടുകളില്‍ കെ.എസ്.എഫ്.ഇ പങ്കാളിയാകുമെന്നും ഇക്കാര്യങ്ങള്‍ ആദ്യപടിയിലാണെന്നും മന്ത്രി പറഞ്ഞു. നമ്മുടെ നാടിനെ സഹായിക്കാന്‍ കഴിയുന്ന ഇത്തരം കൂടുതല്‍ പദ്ധതികളില്‍ സജീവമാകുമെന്നും സംസ്ഥാനത്ത് കെ.എസ്.എഫ് ഇയുടെ ബ്രാഞ്ചുകള്‍ ആയിരമായി ഉയര്‍ത്താനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ ഡോ. എം.കെ മുനീര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ജെ.ടി. അബ്ദുറഹിമാന്‍ മാസ്റ്റര്‍, പഞ്ചായത്ത് മെമ്പര്‍ കെ.കെ മഞ്ജിത, കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ കെ. വരദരാജന്‍, എം.ഡി സുബ്രഹ്മണ്യന്‍ വി.പി, ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.