ദുരിതാശ്വാസ ക്യാമ്പുകളിൽനിന്ന് വീടുകളിലേക്കു മടങ്ങിയെത്തുന്നവർക്ക്
പാമ്പിനെക്കുറിച്ചുള്ള ഭീതി വേണ്ടെന്നും അൽപ്പം ശ്രദ്ധ മാത്രം
മതിയെന്നും വാവ സുരേഷ് പി.ആർ.ഡിയോടു പറഞ്ഞു.
അമിതമായി വെള്ളം ഒഴുകിവന്നതിനാൽ അതിനൊപ്പം വിവിധ ഇനങ്ങളിൽപ്പെട്ട
പാമ്പുകൾ ഉണ്ടാവുക സ്വാഭാവികമാണ്. വീടുകളിലെത്തുമ്പോൾ പടിക്കലുള്ള
ചവിട്ടി, കുന്നുകൂടിക്കിടക്കുന്ന തുണികൾ, ഫ്രിഡ്ജ്, വാഷിങ് മെഷീൻ,
ക്ലോസറ്റ്, വാഷ് ബേസിൻ, അടുക്കളഭാഗത്തുള്ള കാണാൻ കഴിയാത്ത ഇടങ്ങൾ,
വാതിലുകൾക്കടുത്തുള്ള വിടവുകൾ എന്നിവിടങ്ങളിൽ പാമ്പുകളുടെ സാന്നിധ്യം
ഉണ്ടാകാൻ സാധ്യതയുണ്ട്. തുണികൾ, ഷൂസുകൾ എന്നിവ ഒരു കാരണവശാലും കൈകൊണ്ട്
എടുക്കാൻ ശ്രമിക്കരുത്. നീളമുള്ള കമ്പുകൊണ്ട് തുണി, ഷൂസ് എന്നിവ തട്ടി
നോക്കിയ ശേഷമേ ഉപയോഗിക്കാവൂ.
വീടിനകം നല്ലവണ്ണം വൃത്തിയാക്കിയ ശേഷം അൽപ്പം മണ്ണെണ്ണയോ ഡീസലോ
വെള്ളവുമായി ചേർത്ത് തളിക്കണം. വീടിനുള്ളിലുള്ള സ്റ്റീൽ
അലമാരയ്ക്കുള്ളിലും ഫ്രിഡ്ജ്, വാഷിങ് മെഷീൻ എന്നിവയ്ക്കിടയിലും പാമ്പുകൾ
ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ ഉപകരണങ്ങളെല്ലാം നന്നായി പരിശോധിച്ച ശേഷം
മാത്രമേ ഉപയോഗിക്കാവൂ.
പുറത്തു പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങളിലും കാറുകൾക്കൾക്കുള്ളിലും
പാമ്പ് ഉണ്ടാകാൻ സാധ്യതയുണ്ട്. കൃത്യമായ പരിശോധന ഇവിടെയും ആവശ്യമാണ്.
ഇരുചക്ര വാഹനത്തിനുള്ളിൽ പാമ്പിന്റെ സാന്നിധ്യമുണ്ടെങ്കിൽ അത് പൊളിക്കാൻ
നിൽക്കരുത്, പകരം നല്ല വെയിലുള്ള തുറന്ന സ്ഥലത്ത് വാഹനം നിർത്തിയിട്ടാൽ
മതിയാകും. പാമ്പിന് ചൂട് അൽപ്പവും താങ്ങാൻ കഴിയില്ല. അതു തനിയെ
പുറത്തേക്കിറങ്ങും.
പാമ്പിന്റെ സാന്നിധ്യത്തെ സംബന്ധിക്കുന്ന വിവിധങ്ങളായ സന്ദേശങ്ങൾ
നവമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതു തികച്ചും അടിസ്ഥാനരഹിതമാണ്.
ഇത്തരം സന്ദേശങ്ങൾ അവഗണിക്കണമെന്നും വാവ സുരേഷ് പറഞ്ഞു.