സംസ്ഥാനത്ത് പ്രളയ ദുരന്തബാധിത പ്രദേശങ്ങളിലെ വീടുകളും, സ്ഥാപനങ്ങളും
കുടിവെള്ള സ്രോതസുകളും പൊതുസ്ഥലങ്ങളും ശുചിയാക്കി ജനങ്ങളുടെ ആരോഗ്യവും
ശുചിത്വവും ഉറപ്പുവരുത്തുന്നതിനുള്ള തീവ്രയജ്ഞത്തിന് ഹരിതകേരളം മിഷന്റെ
നേതൃത്വത്തിൽ തുടക്കമായി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ഹരിതകേരളം മിഷൻ,
ശുചിത്വമിഷൻ എന്നിവ ചേർന്നാണു ശുചീകരണ പ്രവർത്തനങ്ങൾക്കു നേതൃത്വം
നൽകുന്നത്.

വ്യക്തികൾ, സ്ഥാപനങ്ങൾ, സന്നദ്ധ സാമൂഹ്യ സംഘടനകൾ, വിദ്യാർത്ഥി യുവജന
സംഘടനകൾ, എൻ.എസ്.എസ്, എൻ.സി.സി., യൂത്ത് ക്ലബ്ബുകൾ, സ്റ്റുഡന്റ് പോലീസ്
കേഡറ്റ്, തുടങ്ങിയവർക്ക് ഹരിതകേരളം മിഷൻ മുഖേന ശുചീകരണ യജ്ഞത്തിൽ
പങ്കാളികളാകാം. ഇതിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. 0471-2449939 എന്ന ഫോൺ
നമ്പറിലും 9188120320, 9188120316 എന്നീ മൊബൈൽ നമ്പറുകളിലുമാണു പേരുകൾ
രജിസ്റ്റർ ചെയ്യേണ്ടത്. www.haritham.kerala.gov.in എന്ന വെബ്‌സൈറ്റിൽ
ഇന്ന് (ഓഗസ്റ്റ് 21) വൈകിട്ടു ഓൺലൈനായി രജിസ്റ്റർ ചെയ്യാൻ
സൗകര്യമുണ്ടാകും.

ശുചീകരണത്തിനായി വാർഡ്തലത്തിൽ ടീം രൂപീകരിക്കുന്നതിനാണ് രജിസ്‌ട്രേഷൻ.
ശുചീകരണ പ്രവർത്തനങ്ങൾക്ക് വേണ്ട മൺവെട്ടി, മൺകോരി, ചൂൽ, ഇരുമ്പ്ചട്ടി,
റബ്ബർ കുട്ട, ഗ്ലൗസ്, ഗംബൂട്ട്‌സ്, കൈയുറകൾ, മാസ്‌ക്കുകൾ,
ഡിറ്റർജന്റ്‌സ്, അണുനാശിനികൾ, സ്‌ക്രബ്ബർ, ലോഷൻ, പ്രഥമ ശുശ്രൂഷ ഔഷധങ്ങൾ
തുടങ്ങിയ സാധന സാമഗ്രികൾ അടിയന്തരമായി ആവശ്യമാണ്. ഇവ നൽകാൻ
തയ്യാറുള്ളവർക്കും ഇതിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇവ ജില്ലാതലത്തിലുള്ള
ശേഖരണ കേന്ദ്രത്തിൽ എത്തിക്കാനുള്ള മാർഗ്ഗനിർദ്ദേശം ഹരിതകേരളം മിഷൻ
നൽകുമെന്നും ഹരിതകേരളം മിഷൻ എക്‌സിക്യൂട്ടിവ് വൈസ് ചെയർപേഴ്‌സൺ ഡോ.
ടി.എൻ. സീമ അറിയിച്ചു.