വെള്ളപ്പൊക്ക കെടുതിയെത്തുടർന്നു ജില്ലയിൽ തുറന്ന ദുരിതാശ്വാസ
ക്യാമ്പുകളിൽ ഇനിയുള്ളത് 2322 പേർ. ആകെ 30 ക്യാമ്പുകളാണ് ഇപ്പോൾ
പ്രവർത്തിക്കുന്നത്.

വെള്ളപ്പൊക്ക മേഖലകളിൽനിന്നു ജലം ഇറങ്ങിത്തുടങ്ങിയതോടെ കൂടുതൽ ആളുകൾ
ക്യാമ്പുകളിൽനിന്നു വീടുകളിലേക്കു മടങ്ങി. വെള്ളക്കെട്ട് ഏറ്റവും കൂടുതൽ
ബാധിച്ച തിരുവനന്തപുരം താലൂക്കിൽ 12 ക്യാമ്പുകളാണ് ഇപ്പോൾ
പ്രവർത്തിക്കുന്നത്. ചിറയിൻകീഴ് താലൂക്കിൽ മൂന്നു ദുരിതാശ്വാസ ക്യാമ്പുകൾ
പ്രവർത്തിക്കുന്നുണ്ട്. നെയ്യാറ്റിൻകരയിൽ മൂന്നും കാട്ടാക്കട താലൂക്കിൽ
രണ്ടും ക്യാമ്പുകൾ ഉണ്ട്. നെടുമങ്ങാട് താലൂക്കിൽ നാലു ക്യാമ്പുകളും
വർക്കല താലൂക്കിൽ രണ്ടു ക്യാമ്പുകളും പ്രവർത്തിക്കുന്നുണ്ട്.

ഇതിൽ വർക്കല ശിവഗിരി കൺവൻഷൻ സെന്ററിൽ പ്രവർത്തിക്കുന്ന ക്യാമ്പിൽ
പത്തനംതിട്ടയിലെ പ്രളയത്തിൽനിന്നു രക്ഷപ്പെടുത്തി തിരുവനന്തപുരത്ത്
എത്തിച്ചവരിൽ മൂന്നു പേരാണു താമസിക്കുന്നത്. മറ്റുള്ളവർ സ്വന്തം
വീടുകളിലേക്കും ബന്ധുവീടുകളിലേക്കും മടങ്ങിയിരുന്നു. എല്ലാ
ക്യാമ്പുകളിലും ആവശ്യത്തിനു ഭക്ഷണവും കുടിവെള്ളവും താലൂക്ക് ഓഫിസ്
അധികൃതരുടെ നേതൃത്വത്തിൽ എത്തിക്കുന്നുണ്ട്.