പ്രൊഫ. എം.കെ. സാനുവിനും പ്രൊഫ. സ്‌കറിയ സക്കറിയക്കും
എം.ജി. സര്‍വകലാശാല ഡി. ലിറ്റ് സമ്മാനിച്ചു

കോട്ടയം: നാനാത്വത്തില്‍ ഏകത്വം കണ്ടെത്തുകയാണു വിഭ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അറിവിലൂടെ ആര്‍ജിക്കുന്ന തിരിച്ചറിവ് ഭിന്നതകളെ തള്ളിക്കളയാനല്ല സ്വീകരിക്കാനാണ് പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നടന്ന ഡി.ലിറ്റ്, ഡി.എസ്.സി. ബിരുദദാനചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യാഥാര്‍ഥ്യമെന്നത് ഒറ്റകാഴ്ചപ്പാടല്ല, പല ദിശകളിലൂടെയുള്ള വീക്ഷണമാണെന്നാണ് ഇന്ത്യന്‍ ചിന്തകര്‍ പഠിപ്പിച്ചത്. വിദ്യാഭ്യാസമെന്നത് തിരിച്ചറിവ് സ്വന്തമാക്കുകയാണ്. അത് സഹജീവികളെ കരുണയോടെ നോക്കാന്‍ പ്രേരിപ്പിക്കുന്നതാകണം. ഭിന്നതകളെ സ്വീകരിക്കാനും ആഘോഷിക്കാനും ബഹുമാനിക്കാനും ശീലിപ്പിക്കുന്നതാകണമെന്നും ഗവര്‍ണര്‍ പറഞ്ഞു.


എഴുത്തുകാരനും പ്രഭാഷകനുമായ പ്രൊഫ. എം.കെ. സാനുവിനും പ്രൊഫ. സ്‌കറിയ സക്കറിയക്കും സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ഡി.ലിറ്റ് ബിരുദം സമ്മാനിച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ബിരുദദാനചടങ്ങില്‍ സംബന്ധിക്കാതിരുന്ന പ്രൊഫ. സ്‌കറിയ സക്കറിയക്കുവേണ്ടി എം.ജി. സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ് ഡി.ലിറ്റ് ഏറ്റുവാങ്ങി. ഫ്രഞ്ച് ഗവേഷകരായ പ്രൊഫ. ഈവ് ഗ്രോവന്‍സിനും പ്രൊഫ. ദിദിയര്‍ റോക്‌സെലിനും ഡി.എസ്.സി. (ഡിഗ്രി ഓഫ് ഡോക്ടര്‍ ഓഫ് സയന്‍സ്) ബിരുദവും ഗവര്‍ണര്‍ സമ്മാനിച്ചു.


എം.ജി. അടക്കമുളള സര്‍വകലാശാലകള്‍ക്ക് പ്രോജക്ട് മോഡ് അടിസ്ഥാനത്തില്‍ പുതിയ കോഴ്‌സുകള്‍ അനുവദിക്കുമെന്ന് ചടങ്ങില്‍ സംസാരിച്ച ഉന്നതവിദ്യാഭ്യാസവകുപ്പുമന്ത്രിയും പ്രോ ചാന്‍സലറുമായ ഡോ. ആര്‍. ബിന്ദു പറഞ്ഞു. ഉന്നതവിദ്യാഭ്യാസ രംഗത്തെ പരിഷ്‌കാരത്തിനുവേണ്ടി നിയോഗിച്ച മൂന്നുസമിതികളുടേയും ശിപാര്‍ശകള്‍ മതിയായ പരിശോധനകള്‍ക്കുശേഷം നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. കേരളത്തിലെ വിദ്യാഭ്യാസസമ്പ്രദായത്തെക്കുറിച്ചുള്ള എല്ലാ വിമര്‍ശനങ്ങളെയും സര്‍ക്കാര്‍ തുറന്ന മനസോടെ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രൊഫ. എം.കെ. സാനുവും പ്രൊഫ. ഈവ് ഗ്രോവന്‍സിനും പ്രൊഫ. ദിദിയര്‍ റോക്‌സെലിനും ബിരുദമേറ്റുവാങ്ങി മറുപടി പ്രസംഗം നടത്തി. പ്രൊഫ. സ്‌കറിയ സക്കറിയക്കുവേണ്ടി വൈസ് ചാന്‍സലര്‍ സാബു തോമസ് സംസാരിച്ചു.


സഹകരണ-സംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍, തോമസ് ചാഴിക്കാടന്‍ എം.പി., പ്രോ വൈസ് ചാന്‍സലര്‍ പ്രൊഫ. സി.ടി. അരവിന്ദ്കുമാര്‍, രജിസ്ട്രാര്‍ പ്രൊഫ. ബി. പ്രകാശ്കുമാര്‍, സിന്‍ഡിക്കേറ്റംഗം റജി സഖറിയ, ഫാക്കല്‍റ്റി ഡീന്‍മാര്‍, സിന്‍ഡിക്കേറ്റംഗങ്ങള്‍, സെനറ്റംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.