സമ്മതിദായകരുടെ ആധാര്‍ കാര്‍ഡുകള്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ പുരോഗമിക്കുന്നു. ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഇതിനായി വിവിധ മേഖലകളില്‍ ക്യാമ്പുകളും ബോധവത്ക്കരണ പരിപാടികളും ഊര്‍ജിതമായി നടന്നു വരികയാണ്. (വ്യാഴാഴ്ച) സുല്‍ത്താന്‍ ബത്തേരി മലയവയലിലെ ടീം തായ് സോപ്പ് ഫാക്ടറിയില്‍ നടന്ന ക്യാമ്പ് ഇലക്്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എം.കെ രാജീവന്‍ ഉദ്ഘാടനം ചെയ്തു. ഫാക്ടറിയിലെ തൊഴിലാളികളുടെയും ജീവനക്കാരുടെയും ആധാര്‍ കാര്‍ഡുകള്‍ വോട്ടര്‍പട്ടികയുമായി ബന്ധിപ്പിച്ചു.

ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും ആധാര്‍ കാര്‍ഡുകള്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിച്ചതിന്റെ പുരോഗതി റിപ്പോര്‍ട്ട് അടിയന്തരമായി സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ എ. ഗീത ഓഫീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ് വഴിയും www.nvsp.in വെബ് പോര്‍ട്ടല്‍ വഴിയും ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വഴിയും ആധാര്‍ കാര്‍ഡ് വോട്ടര്‍പട്ടികയുമായി ബന്ധിപ്പിക്കാനാകും.