തൊഴിലുറപ്പ് പദ്ധതിയില്‍ ആദിവാസി തൊഴിലാളികളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആദിവാസി മേഖലയിലുള്ളവര്‍ തൊഴിലില്‍ നിന്നും പിന്നാക്കം പോകുന്ന സാഹചര്യമുണ്ടാകാന്‍ പാടില്ല. പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അടിസ്ഥാന രേഖകള്‍ ലഭ്യമാക്കുന്ന എ.ബി.സി.ഡി പദ്ധതി തദ്ദേശ സ്ഥാപനങ്ങള്‍ അഞ്ച് മാസത്തിനകം പൂര്‍ത്തിയാക്കണം. ഒട്ടനവധി കുടുംബങ്ങള്‍ക്ക് അടിസ്ഥാന രേഖകള്‍ ഒരു കുടക്കീഴില്‍ ലഭ്യമാകുന്ന പദ്ധതി ആശ്വാസകരമാണ്.
സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ക്കും മറ്റും അപേക്ഷ സമര്‍പ്പിക്കാന്‍ മതിയായ രേഖകളില്ലാത്തത് പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് വെല്ലുവിളിയായിരുന്നു. സമഗ്ര കോളനി വികസനത്തിനായി ഓരോ ഗ്രാമ പഞ്ചായത്ത്-നഗരസഭകളില്‍ ഏറ്റവും പിന്നോക്കാവസ്ഥയിലുള്ള കോളനി സെപ്റ്റംബര്‍ 30 നകം ജില്ലാ ആസൂത്രണ സമിതിയിലേക്ക് നിര്‍ദ്ദേശിക്കണം. 2016-17 മുതല്‍ അനുവദിച്ച പട്ടികവര്‍ഗ്ഗക്കാരുടെ പൂര്‍ത്തീകരിക്കാത്ത ഭവനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ആസ്പിരേഷണല്‍ ഡിസ്ട്രിക് പ്രോഗ്രാമില്‍ നൈപുണ്യ വികസനത്തില്‍ ദേശീയതലത്തില്‍ ജില്ല ഒന്നാം റാങ്ക് നേട്ടം കൈവരിച്ചതില്‍ ജില്ലാ ഭരണകൂടത്തെയും ഒ.ഡി.എഫ് പ്ലസ് പ്ലസ് പദവി നേടിയ കല്‍പ്പറ്റ നഗരസഭയെയും ഒ.ഡി.എഫ് പ്ലസ് നേട്ടം കൈവരിച്ച സുല്‍ത്താന്‍ ബത്തേരി നഗരസഭയെയും ആസൂത്രണ സമിതി യോഗം അഭിനന്ദിച്ചു. 2022-23 വാര്‍ഷിക പദ്ധതിയില്‍ 13.12 ശതമാനം വികസന ഫണ്ട് വിനിയോഗിച്ചു. നിലവില്‍ ജില്ല വികസന ഫണ്ട് വിനിയോഗത്തില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്താണ്.
എല്ലാ മാസവും ആറാമത്തെ പ്രവൃത്തി ദിവസം തദ്ദേശഭരണ സ്ഥാപനത്തില്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ യോഗം അദ്ധ്യക്ഷന്‍മാരുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത് നിര്‍വ്വഹണ പുരോഗതി വിലയിരുത്തണം. എല്ലാ മാസവും മൂന്നാമത്തെ ചൊവ്വാഴ്ച ജില്ലാ ആസൂത്രണ സമിതി യോഗം ചേരണം. ബ്ലോക്ക്തല അവലോകന യോഗം ജില്ലാ ആസൂത്രണ സമിതി അംഗങ്ങളുടെ നേതൃത്വത്തില്‍ രണ്ട്മാസത്തിലൊരുക്കല്‍ ചേരണമെന്നും യോഗം നിര്‍ദ്ദേശിച്ചു.
ഭിന്നശേഷി സ്‌കോളര്‍ഷിപ്പ്, ക്ഷീര കര്‍ഷകര്‍ക്ക് പാലിന് സബ്‌സിഡി, വൃക്കരോഗികള്‍ക്ക് ഡയാലിസിസ്, ലൈഫ്-പി.എം.എ.വൈ, ഗോത്രസാരഥി, കാന്‍സര്‍ കെയര്‍ തുടങ്ങിയ പദ്ധതികളുടെ നിര്‍വ്വഹണ പുരോഗതിയും ആസൂത്രണ സമിതി വിലയിരുത്തി.
കളക്ട്രേറ്റ് എ.പി.ജെ ഹാളില്‍ നടന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ആസൂത്രണ സമിതി ചെയര്‍മാനുമായ സംഷാദ് മരക്കാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ എ. ഗീത, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍. മണിലാല്‍, ജില്ലാ ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി എ.എന്‍. പ്രഭാകരന്‍, ആസൂത്രണ സമിതി അംഗങ്ങള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.