*വാര്‍ഡ് തലത്തില്‍ വാക്സിനേഷന്‍ നടത്തും
*എല്ലാ പഞ്ചായത്തിലും താല്‍ക്കാലിക ഷെല്‍ട്ടര്‍

ജില്ലയില്‍ വര്‍ധിച്ചുവരുന്ന തെരുവുനായ ശല്യം പരിഹരിക്കുന്നതിന് നാല് കേന്ദ്രങ്ങളില്‍ അത്യാധുനിക സൗകര്യങ്ങളോടെ എ.ബി.സി സെന്ററുകള്‍ എത്രയും വേഗം തുറക്കാന്‍ തീരുമാനിച്ചു. രണ്ട് ബ്ലോക്കിന് ഒരു സെന്റര്‍ എന്ന നിലക്ക് ഇതിന് സ്ഥലം കണ്ടെത്തി. ജില്ലയിലെ ജനവാസ കേന്ദ്രങ്ങള്‍ക്ക് പുറത്ത് ജില്ലാ പഞ്ചായത്തിന് കീഴിലുള്ള കെട്ടിടങ്ങളാണ് ഇതിനായി ഉപയോഗിക്കുക.
തെരുവുനായ ശല്യം പരിഹരിക്കുന്നതിന്റെ ഭാഗമായി വികേന്ദ്രീകൃതാസൂത്രണ സംസ്ഥാന തല കോ ഓര്‍ഡിനേഷന്‍ കമ്മറ്റി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന ജില്ലാതല എ. ബി. സി. യോഗത്തിലാണ് തീരുമാനം.
ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും താല്‍കാലിക ഷെല്‍ട്ടര്‍ ആരംഭിക്കാനും തീരുമാനിച്ചു. ഇതിന് സെപ്റ്റംബര്‍ 17 ന് 11 മണിക്ക് പഞ്ചായത്ത്, ബ്ലോക്ക് പ്രസിഡന്റ് സെക്രട്ടറിമാര്‍, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെയും ഓണ്‍ലൈന്‍ യോഗം ചേരും. വളര്‍ത്തുനായ്ക്കളുടെ വാക്സിനേഷന് വാര്‍ഡ് തലത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. തെരുവ് നായ്ക്കള്‍ക്ക് വാക്സിനേഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 20 ന് വാഗമണ്ണില്‍ വെച്ച് പട്ടിപിടുത്തത്തില്‍ പരിശീലനം നല്‍കും. ജില്ലയിലെ ആറ് പട്ടിപിടുത്ത വിദഗ്ധരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുക. ഒരു പഞ്ചായത്തില്‍ നിന്ന് ഒരാള്‍ക്ക് എന്ന രീതിയില്‍ 52 പേര്‍ക്ക് പരിശീലനം നല്‍കും. തുടര്‍ന്ന് ഇവരുടെ സേവനം ഉപയോഗപ്പെടുത്തി തെരുവ് നായ്ക്കളുടെ വാക്സിനേഷന്‍ ഉടന്‍ ആരംഭിക്കും. ഇതിനാവശ്യമായ വാക്സിന്‍ ജില്ലയില്‍ സ്റ്റോക്കുണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
എ.ബി.സി സെന്റര്‍ ഒരുക്കാന്‍ 60 മുതല്‍ 80 ലക്ഷം വരെ ചെലവ് വരും. പദ്ധതിയുടെ നടത്തിപ്പിന് പഞ്ചായത്തുകളില്‍ നിന്ന് 5 ലക്ഷം രൂപ വീതം സമാഹരിക്കും. എ.ബി.സി. സെന്ററുകളില്‍ നായകളെ എത്തിച്ച് വന്ധീകരിച്ച് 4-5 ദിവസം നിരീക്ഷണത്തില്‍ പാര്‍പ്പിച്ച ശേഷം വിട്ടയക്കുകയാണ് ചെയ്യുക.
ഇന്ന് (ശനിയാഴ്ച) നടക്കുന്ന ത്രിതല പഞ്ചായത്തുകളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ പദ്ധതി നടത്തിപ്പിന്റെ വിശദാശംങ്ങള്‍ തീരുമാനിക്കുകയും സര്‍ക്കാര്‍ നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ തന്നെ തെരുവുനായ പ്രശ്നം പരിഹരിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി. കെ ഫിലിപ്പ് പറഞ്ഞു. അപകടകാരികളായ തെരുവു നായ്ക്കളെ ഇല്ലാതാക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നടക്കുന്ന കേസില്‍ ഇടുക്കി ജില്ലാ പഞ്ചായത്ത് സര്‍ക്കാര്‍ അനുമതിയോടെ കക്ഷി ചേരുമെന്നും അദ്ദേഹം അറിയിച്ചു. എം. എല്‍. എ. മാരുടെ നേതൃത്വത്തില്‍ നോഡല്‍ ഓഫീസര്‍മാരെ തീരുമാനിച്ച് 20 ന് ഓരാ മണ്ഡലത്തിലും യോഗം ചേരാനും തീരുമാനിച്ചു
നായകടിച്ചാലുള്ള പ്രാഥമിക ശുശ്രൂഷ, സുരക്ഷിതമായി നായവളര്‍ത്തല്‍ തുടങ്ങിയവയെക്കുറിച്ച് സ്‌കൂളിലും പൊതുജനങ്ങള്‍ക്കിടയിലും മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി ബോധവത്കരണം നടത്തുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. നായകളെയും പൂച്ചകളെയും തെരുവില്‍ ഉപേക്ഷിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കും. കളക്ട്രേറ്റില്‍ കണ്‍ട്രോള്‍ റൂം തുറക്കുമെന്നും കളക്ടര്‍ പറഞ്ഞു.
ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, അനിമല്‍ ഹസ്ബന്റി ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സണ്ണി മാത്യു, വിവിധ വകുപ്പ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.