യുവതയെ തൊഴിലിലേക്കും സംരംഭങ്ങളിലേക്കും നയിക്കാൻ തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന സൂക്ഷ്മതല ജനകീയ സംവിധാനമായ തൊഴിൽസഭയുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 20ന് രാവിലെ 10 മണിക്ക് പിണറായി കൺവെൻഷൻ സെൻററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പിണറായി ഗ്രാമപഞ്ചായത്തിലെ സ്വന്തം വാർഡിലെ തൊഴിൽസഭയിൽ പങ്കെടുത്താണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കുക. ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ്-എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷനാവും.
സംസ്ഥാനതല ഉദ്ഘാടനത്തിന് ശേഷം തൊഴിൽ സഭകൾ ജില്ലാതലത്തിലും തദ്ദേശ സ്ഥാപന തലത്തിലും വാർഡ് തലത്തിലും വിളിച്ചുചേർക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻറ് ഡയറക്ടർ ടി ജെ അരുൺ എന്നിവർ കണ്ണൂർ പിആർഡി ചേംബറിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഓരോ പ്രദേശത്തുമുള്ള തൊഴിലന്വേഷകരെ അതത് പ്രദേശങ്ങളിൽ തന്നെയുള്ള, കേരളത്തിനകത്തും പുറത്തുമുള്ള തൊഴിൽദാതാക്കളുമായി ബന്ധിപ്പിക്കാൻ തൊഴിൽസഭകളിൽ അവസരമുണ്ടാകും. വിവിധ വികസന വകുപ്പുകളും സർക്കാർ ഏജൻസികളും വാഗ്ദാനം ചെയ്യുന്ന തൊഴിലവസരങ്ങളും സഹായങ്ങളും തദ്ദേശ സ്വയംഭരണ സംവിധാനത്തിലൂടെ നേരിട്ട് തൊഴിലന്വേഷകരെ പരിചയപ്പെടുത്തും.
തൊഴിൽ തേടുന്നവർ, സ്വയംതൊഴിൽ സംരംഭകർ, തൊഴിൽ ദായക സംരംഭകർ, സംരംഭത്തിന്റെ പുനരുജ്ജീവനം ആവശ്യമുള്ളവർ, സംരംഭകത്വമികവ് വർധിപ്പിക്കാൻ ആഗ്രഹിക്കുന്നവർ, നൈപുണ്യവികസനം ആവശ്യമുള്ളവർ എന്നിവരെയെല്ലാം കൂട്ടി യോജിപ്പിച്ചാണ് തൊഴിൽ സഭകൾ ആരംഭിക്കുന്നത്. ഒരു തൊഴിൽസഭയിൽ 200 മുതൽ 250 വേരെ പേർ പങ്കെടുക്കുന്ന വിധത്തിൽ ഒന്നോ അതിലധികമോ വാർഡുകളെ ചേർത്താണ് തൊഴിൽസഭകൾ സംഘടിപ്പിക്കുക.‘എന്റെ തൊഴിൽ, എന്റെ അഭിമാനം’ പദ്ധതിയുടെ ഭാഗമായി നടത്തിയ സർവ്വേയിൽ സംസ്ഥാനത്താകെ 53 ലക്ഷത്തോളം തൊഴിലന്വേഷകർ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഈ പട്ടികയിലെ 23 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള 29 ലക്ഷത്തോളം പേരെ കെ-ഡിസ്‌ക് തയ്യാറാക്കിയ ഡിജിറ്റൽ വർക്ക് ഫോഴ്‌സ് മാനേജ്‌മെൻറ് സിസ്്റ്റത്തിൽ (DWMS) രജിസ്റ്റർ ചെയ്യാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഓരോ തൊഴിൽസഭയിലും മൂന്ന് ഗ്രൂപ്പ് ചർച്ചകളും ഒമ്പതോളം ഉപഗ്രൂപ്പ് ചർച്ചകളും നടത്തും. ഇവക്ക് തൊഴിൽസഭ ലീഡിന്റെ നേതൃത്വത്തിലുള്ള ഫെസിലിറ്റേഷൻ ടീം നേതൃത്വം നൽകും. ഉദ്ഘാടന പരിപാടിയിൽ എംപിമാരായ കെ സുധാകരൻ, ഡോ വി ശിവദാസൻ, വിവിധ വകുപ്പ് മേധാവികൾ, കില ഡയറക്ടർ, തദ്ദേശ സ്ഥാപന അധ്യക്ഷൻമാർ, സെക്രട്ടറിമാർ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.