മയക്കു മരുന്നിനെതിരായ പ്രവർത്തനം വീടുകളിൽ നിന്ന് തുടങ്ങണം
മയക്കു മരുന്നിനെതിരായ പ്രവർത്തനം വീടുകളിൽ നിന്ന് ആരംഭിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പിണറായി എക്സൈസ് റെയ്ഞ്ച് ഓഫീസിൻ്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 നാടിൻ്റെ ഭാവി തകർത്തു കളയുന്ന ഒന്നാണ് മയക്കു മരുന്ന്. പ്രസരിപ്പോടെ നിലനിൽക്കുന്ന സമൂഹത്തെ ഒന്നിനും കൊള്ളാത്തതാക്കി മയക്കു മരുന്ന് മാറ്റുന്നു. മനുഷ്യൻ്റെ സദ്ഗുണങ്ങൾ ചോർത്തിക്കളയുന്ന മയക്കു മരുന്ന് മനുഷ്യത്വം ഇല്ലാതാക്കുന്നു. മയക്കു മരുന്ന് മുക്തമായ ഒരു തലമുറയെ വാർത്തെടുക്കുകയാണ് സർക്കാർ ലക്ഷ്യം-മുഖ്യമന്ത്രി പറഞ്ഞു.
മയക്കു മരുന്ന് കേസുകളിൽ ആവർത്തിച്ച് പ്രതികളാവുന്നവരുടെ കേസ് ഹിസ്റ്ററി കോടതിയിൽ നൽകി ജാമ്യം കിട്ടാത്ത സ്ഥിതിയുണ്ടാക്കും. സ്ഥിരം മയക്കു മരുന്ന് കുറ്റവാളികളെക്കുറിച്ചുള്ള വിവരശേഖരണം നടത്തി ഡാറ്റാബാങ്ക് എക്സൈസും പൊലീസും തയ്യാറാക്കി  സൂക്ഷിക്കും. മയക്കു മരുന്ന് മുക്തമായ ഒരു തലമുറയെ വാർത്തെടുക്കാനുള്ള പ്രവർത്തനത്തിൽ നാട് ഒന്നാകെ അണിനിരക്കണം- മുഖ്യമന്ത്രി പറഞ്ഞു. മയക്കു മരുന്ന് മാഫിയ ചെറിയ കുട്ടികളെ അടക്കം ഉപഭോക്താക്കളും വാഹകരുമാക്കി മാറ്റുന്നു. സ്കൂളിനകത്ത് മയക്കു മരുന്ന് വ്യാപനം നടക്കുന്നു എന്നത് ഞെട്ടിപ്പിക്കുന്നതാണ് . ഒരു സ്കൂളിൽ പരിശോധന നടത്തിയപ്പോൾ ഒരു കുട്ടിയുടെ ബാഗിൽ പത്ത് സ്കൂളുകളുടെ യൂനിഫോമുകളാണ് കണ്ടത്. ഈ കുട്ടിയെ കാരിയറായി ഉപയോഗിക്കുകയായിരുന്നു.
 മയക്കു മരുന്ന് ഉപയോഗിക്കുന്നതിൽ ആൺ പെൺ വ്യത്യാസമില്ല എന്നതാണ് വാസ്തവം. ചെറിയ കുട്ടികൾ പഠിക്കുന്ന സ്കൂൾ എന്നൊന്നും കരുതി ആശ്വസിക്കാനാവില്ല. എന്തെങ്കിലും വ്യതിയാനം കുട്ടികളിൽ വരുന്നുണ്ടോ എന്ന് രക്ഷിതാക്കൾ നോക്കണം. ചിലയിടങ്ങളിൽ മയക്കു മരുന്ന് കച്ചവടക്കാർ സ്കൂളിന് അകത്തേക്ക് എത്തുന്നു. സ്കൂൾ സമയത്ത് സ്കൂളിലും സ്കൂൾ പരിസരത്തും ആവശ്യമില്ലാത്ത ആരും കടന്നു വരരുത്. ഇത്തരക്കാരെ അധ്യാപകർക്ക് വേഗം തിരിച്ചറിയാനാകും. ഒറ്റപ്പെട്ട ചില കുട്ടികൾ മയക്കു മരുന്നുപയോഗിക്കുന്നത് കണ്ടാൽ സ്കൂളിൻ്റെ സൽപ്പേരിന് മോശമെന്ന് കരുതി മിണ്ടാതിരിക്കരുത്. അത് കൂടുതൽ കുട്ടികളെ അപകടത്തിലാകും.അത് തിരുത്തിക്കണം. മറ്റ് കുട്ടികൾ അതിലേക്ക് വീഴാതെ നോക്കണം. സ്കൂൾ പരിസരത്തെ കടകളിൽ മയക്കു മരുന്ന് വിൽപ്പന നടക്കുന്ന സ്ഥിതി ഉണ്ടായാൽ കട അടപ്പിക്കണം. പിന്നീട് തുറക്കാൻ കഴിയാത്ത നില ഉണ്ടാകണം. എല്ലാ കടയിലും ഇവിടെ മയക്കു മരുന്ന് വിൽപ്പന ഇല്ല എന്ന ബോർഡ് സ്ഥാപിക്കണം. അത്തരം കാര്യം കണ്ടാൽ അറിയിക്കേണ്ട എക്സൈസ്, പൊലീസ് ഉദ്യോഗസ്ഥരുടെ നമ്പറും വിലാസവും പ്രദർശിപ്പിക്കണം.
 മയക്കുമരുന്ന് മാഫിയക്കെതിരെ സമൂഹത്തിലെ എല്ലാ വിഭാഗമാളുകളും സംഘടനകളും രംഗത്തിറങ്ങണം- മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഡോ. വി ശിവദാസൻ എം പി അധ്യക്ഷത വഹിച്ചു. കെട്ടിടം നിർമ്മാണം നടത്തിയ കരാറുകാരൻ മുഹമ്മദ് ഷബീൽ, അഖിലേന്ത്യാ ഐ ടി ഐ പരീക്ഷയിൽ വനിതാ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ പിണറായി സ്വദേശി അഭിനന്ദ സത്യൻ എന്നിവരെ മുഖ്യമന്ത്രി അഭിനന്ദിച്ചു.
പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ജിഷാ കുമാരി റിപോർട്ടവതരിപ്പിച്ചു.
 ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ,  മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി പി അനിത പിണറായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ കെ രാജീവൻ
എക്സൈസ് കമ്മീഷണർ എസ് ആനന്ദകൃഷ്ണൻ, അഡീഷണൽ എക്സൈസ് കമ്മീഷണർ ഡി രാജീവ്, ഉത്തരമേഖല ജോയിൻ്റ് എക്സൈസ് കമ്മീഷണർ ജി പ്രദീപ്, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ അഗസ്റ്റിൻ ജോസഫ്, കെ എസ് ഇ ഒ എ  സംസ്ഥാന സെക്രട്ടറി കെ ഷാജി, കെ എസ് ഇ എസ് എ ട്രഷറർ കെ സന്തോഷ് കുമാർ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.  23 സെൻറിൽ 1.3 കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം നിർമിച്ചത്.