* ആർ കെ ഐക്ക് കീഴിൽ പദ്ധതികൾക്ക് അംഗീകാരം
റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ  ഭാഗമായി നടപ്പാക്കുന്നതിന് വിവിധ വകുപ്പുകൾ സമർപ്പിച്ച പദ്ധതി നിർദ്ദേശങ്ങൾ തത്വത്തിൽ അംഗീകരിച്ചു. തോട്ടപ്പള്ളി  പൊഴിമുഖത്ത് ഗ്രോയ്നുകളുടെ നിർമ്മാണം,  നാശോന്മുഖമായ കാടുകളുടെ പാരിസ്ഥിതിക പുനരുജ്ജീവനം, കൊട്ടാരക്കര മണ്ഡലത്തിലെ കുടിവെള്ള പദ്ധതി എന്നിവയാണ് നടപ്പാക്കുക. ചേർത്തല മുനിസിപ്പാലിറ്റിക്കു വേണ്ടി സെപ്റ്റേജ് ട്രീറ്റ് മെൻറ് പ്ലാൻറ് സ്ഥാപിക്കുന്നതിന് നൽകിയ ഭരണനാനുമതി 7.83 കോടി രൂപയാക്കി പുതുക്കി നൽകും.
* സേവനകാലാവധി ദീർഘിപ്പിച്ചു
സംസ്ഥാന സർക്കാരിന്റെ  ഡൽഹിയിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി  വേണുരാജാമണിയുടെ സേവനകാലാവധി 17.09.2022 മുതൽ ഒരു വർഷത്തേക്ക് കൂടി ദീർഘിക്കാൻ തീരുമാനിച്ചു.
* മുദ്രവിലയും രജിസ്ട്രേഷൻ ഫീസും ഇളവ്
ഐറ്റി പാർക്കുകളിലെ ലീസ് ഡീഡുകളുടെയും സബ് ലീസ് ഡീഡുകളുടെയും റദ്ദാധാരങ്ങൾക്ക് ആവശ്യമായ മുദ്രവിലയും രജിസ്ട്രേഷൻ ഫീസും ഇളവ് ചെയ്യും.
*ഇ.എസ്.ഐ പദ്ധതിയിൽ നിന്നും ഇളവ്
കേരളത്തിലെ ബീഡി സ്ഥാപനങ്ങൾക്ക് അപേക്ഷാ കാലയളവിലേയ്ക്ക് മാത്രം ഇ.എസ്.ഐ പദ്ധതിയിൽ നിന്നും ഇളവ് അനുവദിക്കും. പീഡിത വ്യവസായമെന്ന പരിഗണന നൽകിയാണിത്.
* സൂപ്പർ ന്യുമററി തസ്തിക സൃഷ്ടിച്ച് ആനുകൂല്യങ്ങൾ നൽകും
കാറപകടത്തെ തുടർന്ന് ഗുരുതരമായ പരിക്ക് പറ്റി പൂർണ അംഗവൈകല്യം സംഭവിച്ച ജലഗതാഗത വകുപ്പിലെ ബോട്ട് മാസ്റ്റർ കെ സലിംകുമാറിന് സൂപ്പർ ന്യുമററി തസ്തിക സൃഷ്ടിച്ച് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകാൻ തീരുമാനിച്ചു.
* ഹോമിയോ ഡിസ്പെൻസറി കെട്ടിടം നിർമ്മിക്കുന്നതിന് സ്ഥലം
കാസർകോട് ജില്ലയിൽ കുളത്തുർ വില്ലേജിൽ 20 സെൻറ് സർക്കാർ ഭൂമി ഹോമിയോ ഡിസ്പെൻസറിക്ക് ഓഫീസ് കെട്ടിടം നിർമ്മിക്കുന്നതിന് നൽകും. ബേഡഡുക്ക ഗ്രാമപഞ്ചായത്തിന് 30 വർഷത്തേക്ക് സൗജന്യ നിരക്കായ ആർ ഒന്നിന് 100 വാർഷിക പാട്ട നിരക്കിൽ വ്യവസ്ഥകൾക്ക് വിധേയമായാണ് സ്ഥലം നൽകുക.
* കേരള പബ്ലിക്ക് ഹെൽത്ത് കരട്  ഓർഡിനൻസിന് അംഗീകാരം
കേരള പബ്ലിക്ക് ഹെൽത്ത് കരട്  ഓർഡിനൻസ് അംഗീകരിക്കാൻ തീരുമാനിച്ചു. ഓർഡിനൻസ് വിളരംബരപ്പെടുത്തുവാൻ ഗവർണറോട് ശുപാർശ ചെയ്യാനും തീരുമാനിച്ചു.
* കെപിപിഎല്ലിന് അസംസ്കൃത വസ്തുകൾ അനുവദിക്കുമ്പോൾ ഈടാക്കേണ്ട വില നിശ്ചയിച്ചു
കേരളാ പേപ്പർ പ്രൊഡക്ട്സ് ലിമിറ്റഡിന് വനാധിഷ്ഠിത അസംസ്കൃത വസ്തുകൾ അനുവദിക്കുമ്പോൾ ഈടാക്കേണ്ട വില നിശ്ചയിച്ചു. 24,000 മെട്രിക് ടൺ യൂകാലിറ്റിപ്സ്, അക്കേഷ്യ ഓറിക്യുലിഫോർമിസ്, അക്കേഷ്യ മാഞ്ചിയം, മുള, ഈറ്റ തുടങ്ങിയവ മെട്രിക് ടണിന് 500 രൂപ വീതം ആദ്യ വർഷം നൽകാൻ തീരുമാനിച്ചു. മൂന്ന് മാസത്തിനകം ഇതിന്റെ വർക്കിങ്ങ് പ്ലാനിന് അം​ഗീകാരം ലഭ്യമാക്കേണ്ടതാണ്.