നീന്തിയും സൈക്ലിംഗ് നടത്തിയും ഓടിയും ട്രയാത്തലോൺ ചാലഞ്ച് കാണികളുടെ മനം കവർന്നു. ലോക ടൂറിസം വാരാചരണത്തിൻ്റെ ഭാഗമായി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെയും ട്രയാത്തലോൺ ജില്ലാ കൗൺസിലിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സംസ്ഥാനതല ട്രയാത്തലോൺ മത്സരം കാണികൾക്ക് നവ്യാനുഭൂതി സമ്മാനിച്ചു.

പഴശ്ശി പാർക്കിൽ നടന്ന മത്സരത്തിൻ്റെ ഫ്ളാഗ് ഓഫ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി നിർവ്വഹിച്ചു. വിവിധ ജില്ലകളിൽ നിന്ന് വന്ന 15 മത്സരാർഥികളാണ് ട്രയാത്തലോൺ ചലഞ്ചിൻ്റെ ഭാഗമായത്. ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര ട്രയാത്തലോൺ മത്സരത്തിന് മാനന്തവാടിയെ വേദിയാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് മത്സരം സംഘടിപ്പിച്ചത്. നീന്തൽ, സൈക്ലിംഗ്, ഓട്ടം എന്നീ ഇനങ്ങൾ അടങ്ങുന്നതാണ് ട്രയാത്ത ലോൺ മത്സരം. 750 മീറ്റർ പുഴയിൽ നീന്തി കാട്ടിക്കുളത്തേക്ക് സൈക്ലിംഗ് നടത്തി തിരിച്ച് വന്ന് രണ്ട് കിലോമീറ്റർ ഓട്ടവും പൂർത്തിയാക്കുക എന്നതായിരുന്നു മത്സരം. ജില്ലയിലെ കായികാസ്വാദർക്ക് വ്യത്യസ്ത കായികാനുഭവം സമ്മാനിച്ച ട്രയാത്തലോൺ ചലഞ്ച് വഴി ജില്ലയുടെ കായിക വിനോദ സഞ്ചാര മേഖലയിൽ കുതിച്ചുചാട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.

ആൺകുട്ടികളുടെ വിഭാഗത്തിൽ മലപ്പുറം തിരൂർ സ്വദേശി റാഷിദ് റഹ്മാനും പെൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാട് നെൻമാറ സ്വദേശിനി എസ്. അക്ഷയയും ഒന്നാം സ്ഥാനം കരസ്ഥമാക്കി. മത്സരത്തിൻ്റെ സമാപന സമ്മേളനം മാനന്തവാടി നഗരസഭ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രയാത്തലോൺ അസോസിയേഷൻ പ്രസിഡണ്ട് എസ്. ഗോപകുമാർവർമ്മ അധ്യക്ഷത വഹിച്ചു. എ.ഡി.എം എൻ.ഐ ഷാജു, സ്റ്റേറ്റ്‌ ട്രയാത്തലോൺ സെക്രട്ടറി വി.ജി അജിത് കുമാർ, ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഭരതൻ, ഡി.ടി.പി.സി സെക്രട്ടറി കെ.ജി അജേഷ്, ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡണ്ട് സലീം കടവൻ, ഡി.ടി.പി.സി മാനേജർ ബിജു ജോസഫ് തുടങ്ങിയവർ സംസാരിച്ചു. വിജയിച്ചവർക്കുള്ള സമ്മാനവും പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റും ചടങ്ങിൽ വിതരണം ചെയ്തു.