ലഹരിക്കെതിരേ നാം ഒറ്റ മനസോടെ പൊരുതണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ലഹരിമുക്ത കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ വിദ്യാര്‍ഥികളെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നതിന്റെ അടൂര്‍ സബ് ജില്ലാതല പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. ലഹരി വസ്തുക്കള്‍ക്ക് കീഴടങ്ങുന്നവരില്‍ ഏറിയപങ്കും യുവാക്കളും വിദ്യാര്‍ഥികളുമാണ് എന്നത് ഗൗരവകരമാണ്. പുതിയ തലമുറയെ വഴിതെറ്റിക്കാന്‍ മയക്കുമരുന്നു മാഫിയാ സംഘങ്ങള്‍ വലവിരിച്ചു കാത്തുനില്‍ക്കുകയാണ്. അവയില്‍ നിന്നെല്ലാം നമ്മുടെ കുട്ടികളെ ബോധവല്‍ക്കരിക്കേണ്ടതുണ്ടെന്നും ഡെപ്യുട്ടി സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. അടൂര്‍ ബിആര്‍സിയില്‍ നടന്ന പരിശീലനത്തില്‍ സബ് ജില്ലയിലെ മുഴുവന്‍ അധ്യാപകര്‍ക്കും പരിശീലനം നല്‍കി. ചടങ്ങില്‍ നഗരസഭ കൗണ്‍സിലര്‍ റോണി പാണംതുണ്ടില്‍ അധ്യക്ഷനായിരുന്നു. സ്മിത എം നാഥ്, അഡ്വ. ജോസ് കളീക്കല്‍, സീമദാസ്, കെ. സുധ, കെ. ആര്‍. ജയകുമാര്‍, എസ്. ദിലീപ്കുമാര്‍, റ്റി. സൗദാമിനി തുടങ്ങിയവര്‍ സംസാരിച്ചു.