എച്ചിപ്പാറ ട്രൈബല്‍ സ്‌കൂളിന് പുതിയ കെട്ടിടം

ഓരോ സാധാരണക്കാരന്റെ മക്കള്‍ക്കും പഠനം സാധ്യമാക്കുക എന്നതാണ് സര്‍ക്കാരിന്റെ നയമെന്നും അതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും പട്ടികജാതി, പട്ടികവര്‍ഗ, പിന്നോക്കക്ഷേമ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ ഭൗതിക അന്തരീക്ഷത്തില്‍ മാറ്റം വരുത്തി പഠനനിലവാരം മെച്ചപ്പെടുത്തുകയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
എച്ചിപ്പാറ ട്രൈബല്‍ സ്‌കൂള്‍ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.

വിദ്യാര്‍ത്ഥികളില്‍ മാനവിക മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുക എന്നത് വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നാണ്. അത് മികച്ച രീതിയില്‍ നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കുട്ടികള്‍ക്കിടയിലെ മദ്യ-മയക്കുമരുന്ന് ഉപയോഗം സംസ്ഥാനം നേരിടുന്ന വലിയ വെല്ലുവിളിയാണ്. ഈ വിപത്തിനെതിരെ കുട്ടികളെ ബോധവാന്‍മാരാക്കാനുള്ള ചുമതല അധ്യാപകര്‍ക്കുണ്ടെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. ശരിയായ വഴിക്ക് നമ്മുടെ കുട്ടികളെ നയിക്കാം എന്നുള്ളതായിരിക്കണം വിദ്യാഭ്യാസത്തിന്റെ പ്രഥമ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നവീകരണം. പഴയ കെട്ടിടത്തിലെ രണ്ട് ക്ലാസ് മുറികളോട് ചേര്‍ത്ത് ഒരു ക്ലാസ് മുറിയും നാല് ശുചിമുറികളും നിര്‍മ്മിച്ചു. പുതിയ ഇരുനിലകളില്‍ മൂന്ന് ക്ലാസ് മുറികള്‍ വീതവും നാല് ശുചിമുറികള്‍ വീതവുമാണ് ഒരുക്കിയിട്ടുള്ളത്.

കെ കെ രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആര്‍ രഞ്ജിത്ത് മുഖ്യാതിഥിയായി. വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി എസ് പ്രിന്‍സ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരാവും.