വര്‍ധിച്ചുവരുന്ന ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗവും വ്യാപനവും നിയന്ത്രിക്കുന്നതിന്റെ ഭാഗമായി എടവക ഗ്രാമ പഞ്ചായത്തില്‍ ലഹരി വിരുദ്ധ ജന ജാഗ്രതാ സമിതി രൂപീകരിച്ചു. ഗ്രാമ പഞ്ചായത്ത് സ്വരാജ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് എച്ച്.ബി. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ഒക്ടോബര്‍ 2 ഗാന്ധി ജയന്തി ദിനം മുതല്‍ നവംബര്‍ ഒന്ന് കേരളപ്പിറവി ദിനം വരെ ഒന്നാം ഘട്ടമായി വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.
ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍, എക്സൈസ്, പോലീസ് വകുപ്പ് ഉദ്യോഗസ്ഥര്‍, സാമൂഹ്യ, സാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍, കോളേജ് പ്രിന്‍സിപ്പാള്‍മാര്‍, പ്രധാന അധ്യാപകര്‍, അധ്യാപക സംഘടന പ്രതിനിധികള്‍, പി.ടി.എ പ്രസിഡണ്ടുമാര്‍, ഗ്രന്ഥശാല പ്രവര്‍ത്തകര്‍, വ്യാപാരികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും പോലീസ് സബ് ഇന്‍സ്പെക്ടര്‍ കണ്‍വീനറുമായുള്ള ജന ജാഗ്രത സമിതിക്കാണ് രൂപം നല്‍കിയത്. സിവില്‍ എക്സൈസ് ഓഫീസര്‍ പി. വിജേഷ് കുമാര്‍ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഷിഹാബ് അയാത്ത്, ജോര്‍ജ് പടകൂട്ടില്‍, ജെന്‍സി ബിനോയി, മെമ്പര്‍ എം.പി. വത്സന്‍, എ.എസ്.ഐ. മോഹന്‍ദാസ് കുളങ്ങരക്കണ്ടി, ഷാജന്‍ ജോസ്, ബ്രദര്‍ ടോമി, ആഷിഖ് വാഫി തുടങ്ങിയവര്‍ സംസാരിച്ചു.