അന്താരാഷ്ട്ര വയോജന ദിനാചരണത്തിൻ്റെ ഭാഗമായി തൊടുപുഴ ടൗൺ ഹാളിൽ മുതിർന്നവർക്കായി സംഘടിപ്പിച്ച പരിപാടികൾ ശ്രദ്ധേയമായി.
ഇടുക്കി ജില്ല സാമൂഹ്യനീതി വകുപ്പും മൂലമറ്റം സെൻറ് ജോസഫ്സ് കോളേജ് എം.എസ്.ഡബ്ല്യു വിഭാഗം വിദ്യാർത്ഥികളും സംയുക്തമായിട്ടായിരുന്നു ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. ഇതിൻ്റെ ഭാഗമായി വ്യത്യസ്തതയും പുതുമയുമാർന്നതുമായ വയോജനങ്ങളുടെ ഫാഷൻ ഷോ ‘വാർദ്ധക്യകാല ബഹള സന്തോഷങ്ങൾ’ സംഘടിപ്പിച്ചത്.

വാർദ്ധക്യ സഹജമായ മാനസിക പിരിമുറുക്കങ്ങളും ഏകാന്തതയും കുറയ്ക്കുകയും അവരുടെ സന്തോഷങ്ങൾ കണ്ടെത്തുകയുമാണ് ഫാഷൻ ഷോയിലൂടെ ലക്ഷ്യമിട്ടത്. 65 വയസിന് മുകളിലുള്ള 20 ഓളം വയോജനങ്ങളെ അണിനിരത്തിയായിരുന്നു ഫാഷൻ ഷോ. ഇതോടൊപ്പം വയോജനങ്ങൾക്കായി നടത്തിയ വിവിധ മൽസരങ്ങളിലൂടെ കിംഗ് ഓഫ് ദി ഡേ, ക്യൂൻ ഓഫ് ദി ഡേ യേയും തിരഞ്ഞെടുക്കുകയും സമ്മാന വിതരണം നടത്തുകയും ചെയ്തു. കൊച്ചു മക്കൾക്കൊപ്പം സെൽഫിയെടുക്കൽ മത്സരവും നടത്തി. ഇത് കൂടാതെ വിദ്യാർത്ഥികളുടെയും വയോജനങ്ങളുടെയും വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

കോളേജ് പ്രിൻസിപ്പാൾ ഡോ. സാബുകുട്ടി, എം.എസ്.ഡബ്ല്യു വിഭാഗം മേധാവി ഡോ. മാത്യു കണമല, അധ്യാപകരായ ഡോ. ജസ്റ്റിൻ ജോസഫ്, മനു കുര്യൻ, അനിറ്റ മാത്യു, സ്റ്റുഡൻറ് കോഡിനേറ്റർ അലൻ ജോർളി, അലീന ബെന്നി എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിദ്യാർത്ഥികൾ എത്തിയത്.