അജൈവ മാലിന്യ ശേഖരണവും സംസ്‌കരണവും കാര്യക്ഷമാക്കുന്നതിനുള്ള ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്ലിക്കേഷന്‍ പദ്ധതിയ്ക്ക് രാജാക്കാട് ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് എം. എസ്. സതി പദ്ധതി ഉദ്ഘാടനം ചെയ്തു. ഹരിതകേരളം മിഷനും ശുചിത്വമിഷനും ചേര്‍ന്നാണ് മൊബൈല്‍ ആപ് മുഖേനയുള്ള മോണിറ്ററിംഗ് സംവിധാനം പഞ്ചായത്തില്‍ നടപ്പിലാക്കുന്നത്. കെല്‍ട്രോണിന്റെ സഹകരണത്തോടെ തയ്യാറാക്കിയിട്ടുള്ള മൊബൈല്‍ ആപ്പിലൂടെ വീടുകളിലും സ്ഥാപനങ്ങളിലും ഹരിത കര്‍മ്മസേന നടപ്പിലാക്കുന്ന അജൈവ മാലിന്യ ശേഖരണം നിരീക്ഷിക്കാനാകും. ഇതിനായി വീടുകളിലും സ്ഥാപനങ്ങളിലും ക്യൂആര്‍ കോഡ് പതിക്കും. അജൈവ മാലിന്യങ്ങള്‍ കൃത്യമായ ശാസ്ത്രീയ സംസ്‌കരണത്തിന് വിധേയമാകുന്നുവെന്ന് തിരിച്ചറിയാനും ക്യുആര്‍ കോഡ് വഴി സാധിക്കും.
നിലവില്‍ ഹരിതകര്‍മ്മസേന വീടുകളിലും സ്ഥാപനങ്ങളിലും കാര്‍ഡ് നല്‍കി അജൈവ മാലിന്യം ശേഖരിച്ചു വരുന്നുണ്ട്. പാഴ് വസ്തു ശേഖരണവും മാലിന്യ സംസ്‌കരണവും മൊബൈല്‍ ആപ്പിന്റെ നിയന്ത്രണത്തിലേക്ക് എത്തിക്കുന്നതോടെ ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതവും കുറ്റമറ്റതാക്കാനും സാധിക്കും. ഇതിനായി പഞ്ചായത്തിലെ പത്താം വാര്‍ഡിനെയാണ് പൈലറ്റ് വാര്‍ഡായി തെരഞ്ഞെടുത്തിരിക്കുന്നത്. ഒരു മാസത്തത്തിനകം പഞ്ചായത്തിലെ എല്ലാ വീടുകളിലും സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റം നടപ്പിലാക്കും.
ദിവ്യജ്യോതി പാരിഷ് ഹാളില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബെന്നി പാലക്കാട്ട് അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ഭാഗമായി ഹരിതകര്‍മ്മ സേനയ്ക്കുള്ള ലാപ്‌ടോപ്പും മൊബൈല്‍ ഫോണുകളും പഞ്ചായത്ത് പ്രസിഡന്റ് ചടങ്ങില്‍ വിതരണം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് അംഗം കിങ്ങിണി രാജേന്ദ്രന്‍, വാര്‍ഡ് അംഗങ്ങളായ പുഷ്പലത സോമന്‍, നിഷ രതീഷ്, സി.ആര്‍ രാജു, ബിന്‍സു തോമസ്, മിനി ബേബി, പ്രിന്‍സ് തോമസ്, ദീപ പ്രകാശ്, സുജിത്ത് റ്റി.കെ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ കെ. പി.വത്സ, വി. ഇ. ഒ. നിസാര്‍ എ.പി., എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.