കടങ്ങോട് ഗ്രാമപഞ്ചായത്തിലെ ജലഗുണനിലവാര പരിശോധന ലാബ് മരത്തംകോട് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ യാഥാർത്ഥ്യമായി. എ സി മൊയ്തീൻ എംഎൽഎയുടെ 2020-21 വർഷത്തിലെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് 1.25 ലക്ഷം രൂപ ഉപയോഗിച്ചാണ് ലാബ് തയ്യാറാക്കിയത്.
ഹയർ സെക്കന്ററി സ്കൂളുകളിലെ കെമിസ്ട്രി ലാബുകൾ പ്രയോജനപ്പെടുത്തി ഹരിതകേരളം മിഷന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ശുദ്ധവും ഗുണനിലവാരമുള്ള ജലം ഉപയോഗിക്കുക വഴി ജലജന്യരോഗങ്ങളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുകയാണ് ലക്ഷ്യം. കെമിസ്ട്രി അധ്യാപകരുടെ മേൽനോട്ടത്തിലാണ് പരിശോധന.
ലാബിന്റെ ഉദ്ഘാടനം എ സി മൊയ്തീൻ എംഎൽഎ നിർവഹിച്ചു. കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീന സാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ല പഞ്ചായത്തംഗം ജലീൽ ആദൂർ മുഖ്യാതിഥിയായി. നവകേരള കർമ്മ പദ്ധതി റിസോഴ്സ് പേഴ്സൺ ത്രിവിക്രമ ദേവ് പദ്ധതി വിശദീകരണം നടത്തി. സ്കൂൾ പ്രിൻസിപ്പാൾ സി കെ റംലാ ബീബി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എസ് പുരുഷോത്തമൻ, ബ്ലോക്ക് മെമ്പർമാരായ കെ കെ മണി, ലളിത ഗോപി, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രമണി രാജൻ, വാർഡ് മെമ്പർ ടെസി ഫ്രാൻസിസ്, പിടിഎ പ്രസിഡന്റ് ആർ എം മുഹമ്മദ് റാഫി, ഹെഡ്മിസ്ട്രസ് വി വി വത്സല തുടങ്ങിയവർ പങ്കെടുത്തു.