കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ കേര രക്ഷാവാരം ക്യാമ്പയിന്റെ ഭാഗമായി മടവൂര്‍ ഗ്രാമപഞ്ചായത്തില്‍ കേര കര്‍ഷകര്‍ക്ക് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. പച്ചിലവള കൃഷിയും പയര്‍ വര്‍ഗ കൃഷിയും തെങ്ങിന്‍തോട്ടത്തില്‍ വ്യാപിപ്പിക്കുന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പരിശീലന പരിപാടിയുടെ ഉദ്ഘാടനം മടവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ബിജു കുമാര്‍ നിര്‍വഹിച്ചു. മടവൂര്‍ കൃഷിഭവന്‍ ഹാളില്‍ നടന്ന പരിശീലന പരിപാടിയില്‍ പഞ്ചായത്തില്‍ നിന്നും തെരഞ്ഞെടുത്ത അമ്പത് കര്‍ഷകര്‍ക്കാണ് സൗജന്യ പരിശീലനം നല്‍കിയത്.

വാമനപുരം ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ജേക്കബ് ജോയി ക്ലാസ് നയിച്ചു. വൈസ് പ്രസിഡന്റ് റസിയ ബി. ആര്‍ അധ്യക്ഷത വഹിച്ചു.  സംസ്ഥാന സര്‍ക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി പഞ്ചായത്തില്‍ വിവിധ പരിശീലന പരിപാടികള്‍ സെപ്റ്റംബര്‍ 22 മുതല്‍ സംഘടിപ്പിച്ചിരുന്നു.